വെള്ളിയാഴ്‌ച, നവംബർ 03, 2017
കാസര്‍കോട്: ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഒരു മദ്യവില്‍പന കേന്ദ്രവും തുറന്നിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും എക്‌സൈസ്, തൊഴില്‍വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ദൂരപരിധി ലംഘിച്ച് ഒരു വിദ്യാലയത്തിന് സമീപവും മദ്യാശാലകള്‍ തുറക്കില്ലെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട്് കുറ്റിക്കോലില്‍ ബന്തടുക്ക എക്‌സൈസ് റെയ്ഞ്ച് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മദ്യം ഒഴുകുകയാണെന്ന തരത്തിലാണ്  വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിലൊരു സത്യവുമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന മദ്യഷോപ്പുകളേക്കാള്‍ കൂടുതലായി ഒരു ഷോപ്പും അനുവദിച്ചിട്ടില്ല. ദേശീയപാതയിലെ ദൂരപരിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നിലനില്‍ക്കുന്നതിനാല്‍ 533 കള്ളുഷാപ്പുകള്‍, 217 ബീയര്‍-വൈന്‍ പാര്‍ലര്‍ ഹോട്ടലുകള്‍, നാലു സ്റ്റാര്‍ ഹോട്ടലുകള്‍, ബീവറേജസ്-കണ്‍സ്യൂമര്‍ഫെഡിന്റെ 29 ഔട്ട്‌ലെറ്റുകള്‍ എന്നിവ ഇനിയും തുറക്കാന്‍ കഴിഞ്ഞിട്ടില്ല ഇതാണ് വസ്തുത. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ത്രീ സ്റ്റാറുകള്‍ക്ക് വിദേശ മദ്യം അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം മദ്യ നിരോധനമല്ല മദ്യവര്‍ജനമാണ്. സംസ്ഥാനത്ത് കഞ്ചാവ്, മയക്കുമരുന്ന്, മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ വ്യാപനവും ഉപയോഗവും സര്‍ക്കാര്‍ കര്‍ശനമായി തടഞ്ഞിരിക്കുകയാണ്. മദ്യത്തെക്കാള്‍ അപകടകരമായ ഇത്തരം ലഹരികളുടെ ഉറവിടം തന്നെ നശിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ നടപടികള്‍ മൂലം ചിലപ്പോള്‍ മദ്യം ഉപയോഗം കൂടിയിട്ടുണ്ടാകാമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായി സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ക്ലബുകള്‍ രൂപികരിച്ച് സജീവമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ