കെ.എസ്.ആര്‍.ടി.സിക്ക് പ്രാഥമിക കൃത്യങ്ങള്‍ക്ക് അടക്കം സൗകര്യമുള്ള ആഡംബര ബസുകള്‍ വരുന്നു

കെ.എസ്.ആര്‍.ടി.സിക്ക് പ്രാഥമിക കൃത്യങ്ങള്‍ക്ക് അടക്കം സൗകര്യമുള്ള ആഡംബര ബസുകള്‍ വരുന്നു

തിരുവനന്തപുരം: പ്രാഥമിക കൃത്യങ്ങള്‍ക്ക് അടക്കം സൗകര്യമുള്ള ആഡംബര ബസ് വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറെടുക്കുന്നു. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ആംസ്റ്റര്‍ ആസ്ഥാനമായ വാഹന നിര്‍മ്മാണ കമ്പനിയില്‍ നിന്നുമാണ് ഇത് വാങ്ങുന്നത്. കമ്പനി ഇന്ത്യന്‍ വിപണിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സിയുമായുള്ള കരാര്‍.

സ്‌കാനിയ, വോള്‍വോ ബസുകളേക്കാള്‍ വിലക്കുറവില്‍ ആംസ്റ്റര്‍ഡാം കമ്പനിയില്‍ നിന്നും ബസുകള്‍ വാങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഗതാഗത മന്ത്രി തോമസ് ചാണ്ടി, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, കെ.എസ്.ആര്‍.ടി.സി എം.ഡി എ. ഹേമചന്ദ്രന്‍ എന്നിവരുമായി കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തി. വിശദമായ പഠനത്തിന് ശേഷമായിരിക്കും പുതിയ കമ്പനിയില്‍ നിന്ന് ബസുകള്‍ വാങ്ങുന്നതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു.

ബസിന്റെ അറ്റകുറ്റപ്പണി, സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കിയ ശേഷമായിരിക്കും ബസുകള്‍ വാങ്ങുന്നത്. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്. ദീര്‍ഘദൂര പാതകളില്‍ കൂടുതല്‍ ബസുകള്‍ ഇറക്കാനും കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നുണ്ട്. കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി ഇത് സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്.

കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ കരാര്‍ തയ്യാറാക്കുന്നതിന് പകരം തിരക്കുള്ള സമയങ്ങളില്‍ പ്രത്യേക സര്‍വീസുകളും തുടങ്ങുന്നതിന് ആലോചനയുണ്ട്. ഇതിന് കൂടുതല്‍ ബസുകള്‍ വേണ്ടി വരും. അതിനിടെ ബസുകള്‍ വാടകയ്ക്ക് എടുത്തും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്. മുതല്‍ മുടക്കില്ലാതെ കൂടുതല്‍ ബസുകള്‍ ഇറക്കാന്‍ കഴിയുമെന്നതാണ് വാടക ബസുകളുടെ നേട്ടം.

Post a Comment

0 Comments