പത്തു മാസം മുമ്പു കാണാതായ മകളെയും ചെറുമകളെയും തേടി രാജസ്ഥാന്‍ സ്വദേശിനി ആദൂര്‍ സ്റ്റേഷനില്‍

പത്തു മാസം മുമ്പു കാണാതായ മകളെയും ചെറുമകളെയും തേടി രാജസ്ഥാന്‍ സ്വദേശിനി ആദൂര്‍ സ്റ്റേഷനില്‍

മുള്ളേരിയ: കാണാതായ മകളെയും ചെറുമകളെയും കണ്ടു പിടിച്ചു നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി രാജസ്ഥാന്‍ സ്വദേശിയായ വീട്ടമ്മ ആദൂര്‍ പൊലീസില്‍ അഭയം തേടി. രാജസ്ഥാനിലെ ജസ്വന്തപുരം തൈത്തിലിയിലെ ജബ്രാംബയുടെ ഭാര്യ ജഹാനി (48)യാണ്‌ മകന്‍ രാജേഷി (31)നൊപ്പം സഹായം തേടി ആദൂര്‍ പൊലീസ്‌ സ്റ്റേഷനിലെത്തിയത്‌. ജഹാനിയുടെ മകള്‍ കേളി (31)യെയും അവരുടെ എട്ടുവയസ്സുള്ള മകളെയും ബന്ധുവും പത്തും ഏഴും വയസ്സുള്ള രണ്ടു മക്കളുടെ പിതാവുമായ ജാബ്രാറാം (32) കഴിഞ്ഞ ജനുവരിയില്‍ തട്ടിക്കൊണ്ടുപോയതെന്നു ജഹാനി പൊലീസില്‍ പരാതിപ്പെട്ടു. ജാബ്രാറാമിന്റെ മൊബൈല്‍ ഫോണ്‍ നമ്പറില്‍ ഇയാള്‍ ആദൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ളതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ്‌ ഇവര്‍ ആദൂരിലെത്തി പൊലീസ്‌ സഹായം തേടിയത്‌. പൊലീസ്‌ ഇവരുമൊത്ത്‌ ബോവിക്കാനത്തു അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതു സംബന്ധിച്ചു ജഹാനി നേരത്തെ രാജസ്ഥാന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ജഹാനിക്കും മകനുമൊപ്പം രാജസ്ഥാന്‍ പൊലീസും ആദൂരില്‍ എത്തിയിട്ടുണ്ട്‌. ജഹാനിയുടെ കൈവശമുള്ള ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയാണെന്ന്‌ ആദൂര്‍ പൊലീസ്‌ അറിയിച്ചു.

Post a Comment

0 Comments