ധോണിയും ദ്രാവിഡും സഹായിച്ചില്ല, ഇനി കളിക്കുന്നത് മറ്റൊരു രാജ്യത്തിന് വേണ്ടി: ശ്രീശാന്ത്

LATEST UPDATES

6/recent/ticker-posts

ധോണിയും ദ്രാവിഡും സഹായിച്ചില്ല, ഇനി കളിക്കുന്നത് മറ്റൊരു രാജ്യത്തിന് വേണ്ടി: ശ്രീശാന്ത്

തിരുവനന്തപുരം: ക്രിക്കറ്റ് കളിക്കാൻ അവസരം കിട്ടിയാൽ മറ്റൊരു രാജ്യത്തിന് വേണ്ടിയാകും ഇനി മൈതാനത്ത് ഇറങ്ങുന്നതെന്ന് മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് വ്യക്തമാക്കി. സ്‌കോട്ട്ലാൻഡ് ക്രിക്കറ്റ് ലീഗിൽ കളിക്കാൻ അനുമതി ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തന്റെ ക്യാപ്ടനായിരുന്ന മഹേന്ദ്ര സിംഗ് ധോണിക്കെതിരെയും ഐ.പി.എല്ലിലെ ടീമായ രാജസ്ഥാൻ റോയൽസ് ക്യാപ്‌ടൻ രാഹുൽ ദ്രാവിഡിനെയും രൂക്ഷമായി വിമർശിച്ച ശ്രീശാന്ത് ബി.സി.സി.ഐ ഇന്ത്യാക്കാരുടെ താത്പര്യങ്ങൾ മാനിക്കാത്ത സ്വകാര്യ ഏജൻസിയാണെന്നും കുറ്റപ്പെടുത്തി. റിപ്പബ്ലിക് ടി.വിയിൽ പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകനായ അർണബ് ഗോസാമിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ തുറന്നുപറച്ചിൽ.

രാജസ്ഥാൻ റോയൽസ് അംഗമായിരിക്കെയാണ് തന്നെ 2013ൽ ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്. തന്നെ അറസ്‌റ്റ് ചെയ്യുന്നതെന്തിനാണെന്ന് പോലും അന്ന് മനസിലായിരുന്നില്ല. തന്നെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാവുന്ന ആളായിരുന്നു ടീം ക്യാപ്ടൻ രാഹുൽ ദ്രാവിഡ്. ഇന്ത്യൻ ടീം ക്യാപ്ടനായിരുന്ന ധോണിക്ക് തന്റെ അവസ്ഥ വിശദീകരിച്ച് സന്ദേശം അയച്ചിരുന്നു. എന്നാൽ ഇരുവരും സഹായിച്ചില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

ഇന്ത്യൻ ടീമിലെ പത്തോളം മുൻനിര ക്രിക്കറ്റ് താരങ്ങൾക്കെതിരെ തെളിവുകൾ ഉണ്ടെന്നാണ് അന്ന് പൊലീസ് പറഞ്ഞത്. ആ പേരുകൾ പുറത്ത് വന്നാൽ അത് ഇന്ത്യൻ ക്രിക്കറ്റിനെ പ്രതികൂലമായി ബാധിക്കുമായിരുന്നു. പക്ഷേ ആ മുൻ നിര താരങ്ങളെ പിന്തുണച്ച ബി.സി.സി.ഐ തന്നെ അവഗണിച്ചു. ഇന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം രാജ്യത്തിന്റെ ടീമല്ല. ബി.സി.സി.ഐയെന്ന സ്വകാര്യ ഏജൻസി നയിക്കുന്ന ടീമാണെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി.

ഐ.പി.എൽ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടർന്ന് 2013 ഒക്ടോബർ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിനെതിരെ വിലക്ക് ഏർപ്പെടുത്തിയത്. രാജസ്ഥാൻ റോയൽസിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്സ് ഇലവനുമായി നടന്ന മത്സരത്തിൽ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്. ഈ കേസിൽ പട്യാല അഡി. സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലക്ക് നീക്കിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്‌ത് ബി.സി.സി.ഐ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ച അപ്പീലിലാണ് താരത്തിനെതിരെയുള്ള വിലക്ക് ശരിവച്ചത്.

Post a Comment

0 Comments