കോഴിക്കോട്: നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച ആക്ഷേപം കേൾക്കാൻ വന്ന ദേശീയ വനിത കമീഷൻ അധ്യക്ഷക്കു മുന്നിൽ വിവിധ മതവിഭാഗത്തിൽപെട്ടവർ പരാതികൾ നൽകി. ഒടുവിൽ, പ്രത്യേക വിഭാഗത്തിൽപ്പെട്ടവരെ ലക്ഷ്യമാക്കി എത്തിയ കമീഷൻ അധ്യക്ഷ രേഖ ശർമ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കിടയിലും ഇത്തരം സംഭവങ്ങളുെണ്ടന്ന് സമ്മതിച്ചു.
ചൊവ്വാഴ്ച കോഴിക്കോട് െഗസ്റ്റ് ഹൗസിലായിരുന്നു സിറ്റിങ്. ഒട്ടും പ്രചാരണം നൽകാതെ വന്ന അവർക്കു മുന്നിൽ കൂടുതൽ എത്തിയ പരാതികൾ മുസ്ലിം കുടുംബങ്ങളിൽ നിന്നായിരുന്നു. ഒരേ കൈപ്പടയിലുള്ളതാണ് ചില പരാതികളെന്നും ഇതിന് പിന്നിൽ ചില സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും രേഖ ശർമ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജസ്ഥാനിലും കർണാടകയിലും മതപരിവർത്തനത്തിലൂടെയുള്ള വിവാഹം നടക്കുന്നുണ്ടെങ്കിലും കേരളത്തിലാണ് കൂടുതലുള്ളത്. ബ്ലാക്ക് മെയിലിങ്ങിലൂടെയുള്ള ഇത്തരം മതംമാറ്റങ്ങളിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് പെൺകുട്ടികളാണ്.
ഏതെങ്കിലും പ്രത്യേക സ്ഥാപനങ്ങളുടെ പേരുകൾ പറയുന്നില്ലെങ്കിലും സത്യസരണി, യോഗ സെൻറർ തുടങ്ങി എന്ത് പേരിട്ട് വിളിച്ചാലും ഇവയെക്കുറിച്ച് സർക്കാർ അന്വേഷിക്കണമെന്ന് ചോദ്യത്തിന് മറുപടിയായി അവർ വ്യക്തമാക്കി. സ്നേഹ വിവാഹങ്ങൾക്ക് തങ്ങൾ എതിരല്ല. ഏത് വിഭാഗത്തിൽപ്പെട്ടവർക്കും പരസ്പരം സ്നേഹിച്ച് വിവാഹം കഴിക്കാം. ഇതിലൂടെ മതപരിവർത്തനം നടക്കുന്നതാണ് പ്രശ്നം. ഇതോടനുബന്ധിച്ച് മനുഷ്യക്കടത്തിെൻറ പ്രശ്നവുമുണ്ട്.
വീട്ടിൽനിന്നും രാജ്യത്തുനിന്നും പെൺകുട്ടികൾ നാട് കടത്തപ്പെടുന്നു. ചില സംഘങ്ങൾക്ക് ഇതിനായി ഫണ്ട് ലഭിക്കുന്നതായും സംശയമുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രശ്നത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. തങ്ങളുടെ അന്വേഷണ റിപ്പോർട്ട് ഇരു സർക്കാരുകൾക്കും സമർപ്പിക്കുമെന്നും കേരള ഡി.ജി.പിക്ക് ബുധനാഴ്ച പരാതി കൈമാറുമെന്നും രേഖ ശർമ വ്യക്തമാക്കി. നിരവധി പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ തൃപ്പൂണിത്തുറയിലെ ഘർവാപസി കേന്ദ്രത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് വനിത ലീഗ് ദേശീയ ജന. സെക്രട്ടറി അഡ്വ. നൂർബിന റഷീദ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. നിരവധി പേർ പരാതിപ്പെട്ട തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഹാദിയയുടെ സുരക്ഷ ഉറപ്പാക്കാൻ കമീഷൻ നടപടി സ്വീകരിക്കണമെന്നായിരുന്നു ജി.െഎ.ഒ ഭാരവാഹികളുടെ ആവശ്യം. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ നടത്തുന്ന മതപഠന കേന്ദ്രങ്ങളും തൃപ്പൂണിത്തുറയിലെ യോഗ സെൻററും സന്ദർശിച്ച് വസ്തുതകൾ മനസ്സിലാക്കണമെന്ന് കേരള വിമൻസ് ഫ്രണ്ട് ഭാരവാഹികൾ ആവശ്യപ്പെട്ടു.
0 Comments