വിദ്യാർത്ഥികൾക്ക് സൗജന്യ മാർഗ്ഗ നിർദ്ദേശ കേന്ദ്രങ്ങൾ ആരംഭിക്കണം: എം.എസ്.എം

LATEST UPDATES

6/recent/ticker-posts

വിദ്യാർത്ഥികൾക്ക് സൗജന്യ മാർഗ്ഗ നിർദ്ദേശ കേന്ദ്രങ്ങൾ ആരംഭിക്കണം: എം.എസ്.എം

-ഹൈസെക്ക് ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം പ്രോജ്വലമായി
കാഞ്ഞങ്ങാട് : കൗമാരക്കാരായ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ഉപജില്ല തലങ്ങളിൽ സൗജന്യ മാർഗ്ഗ നിർദേശ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് കാഞ്ഞങ്ങാട് ടൗൺ ഹാളിൽ വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷന്റെ ഭാഗമായി എം.എസ്.എം സംഘടിപ്പിച്ച കാസർകോട് ജില്ലാ ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം ആവശ്യപ്പെട്ടു. ലോകവും കാലവും സമൂഹവും സാമൂഹിക സാഹചര്യങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയുടെ അത്ഭുകരമായ മാറ്റത്തിനനുസരിച്ച് മാറിയതറിയാതെയാണ് പല വിദ്യാഭ്യാസ സംവിധാനങ്ങളും കൗമാര പ്രായത്തിലുള്ള കുട്ടികളോട് പെരുമാറുന്നതെന്നത് ഗൗരവമായി കാണണമെന്നും ഇക്കാരണത്താലാണ് ഈ ആധുനികവും സംസ്‌ക്കാര പൂര്‍ണ്ണത അവകാശപ്പെടുന്നതുമായ കാലത്തും കൗമാരപ്രായക്കാര്‍ക്കിടയില്‍  ആത്മഹത്യാ പ്രവണതകൾ വർധിച്ചു വരുന്നതെന്നും  സമ്മേളനം അഭിപ്രായപ്പെട്ടു.


വിദ്യാഭ്യാസ രംഗം കച്ചവടത്തിന്റെ അനന്തമായ സാധ്യതകള്‍ തുറന്നു വിട്ടപ്പോള്‍ നല്ല വിദ്യാഭ്യാസം നല്‍കുക എന്നതില്‍ നിന്നും പരമാവധി കുട്ടികളെ ആകര്‍ഷിക്കുക എന്നതിലേക്ക് വഴിമാറിയിരിക്കുകയാണ്. അച്ചടക്കത്തിന്റെ പേരിലുള്ള പ്രാകൃതരീതികള്‍ നടപ്പിലാക്കുക എന്നതാണ് പലപ്പോഴും രക്ഷിതാക്കളെ ആകര്‍ഷിക്കാന്‍ സ്ഥാപനമേധാവികള്‍ കാണുന്ന തന്ത്രം. ഇതിലൂടെ സംഭവിക്കുന്നതാകട്ടെ, കുട്ടികള്‍ സ്വതന്ത്രമായി ചിന്തിച്ച് വളരേണ്ടതിന് പകരം അച്ചടക്കത്തിന്റെ പേരില്‍ ക്രൂരമായ പീഡനത്തിന് വിധേയമാവുകയും ജീവിതം പോലും അവസാനിപ്പിക്കുന്നതിനുള്ള ആലോചനകളിലേക്ക് അവരുടെ ചിന്ത വഴിമാറുകയും ചെയ്യുന്നത് വിദ്യാഭ്യാസ അധിക്രതര്‍ അതിഗൗരവമായി കാണേണ്ടതുണ്ട്.


സ്മാര്‍ട്ട്‌ഫോണുകളും, ഇന്റര്‍നെറ്റ് ഗെയിമുകളും സൃഷ്ടിച്ച മായിക വലയത്തിനുള്ളില്‍ ജനിച്ചു വളര്‍ന്ന തലമുറയാണ് ഇന്നത്തെ പുതുതലമുറ എന്ന ബോധം ആദ്യമുണ്ടാകേണ്ടത് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ്. ഈ നവീന സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടാണ് അധ്യാപക സമുഹം കുട്ടികളുമായി സംവധിക്കേണ്ടത്. ഇതിനാവശ്യമായ ട്രെയിനിംങ്ങുകള്‍ അധ്യാപകര്‍ക്ക് തുടര്‍ച്ചയായി നല്‍കേണ്ടതുണ്ട്. ഓരോ സ്ഥാപനത്തിലും നിലവിലുള്ള മോണിറ്ററിംഗ് സമിതികള്‍ കാര്യക്ഷമമായ പ്രവര്‍ത്തിക്കുന്നത് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുജാഹിദ് സ്റ്റുഡൻസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് മുനവ്വർ സ്വലാഹി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സഫ് വാൻ പാലോത്ത് അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി.വി.രമേശൻ മുഖ്യാതിഥിയായി. ഗ്യാലപ്പ് ക്വിസ്സ് മത്സര വിജയികളെ സമ്മേളനത്തിൽ അനുമോദിച്ചു.

വിവിധ സെഷനുകളിലായി മാതാപിതാക്കൾ അനുഗ്രഹമാണ് ,ജീവിത ലക്ഷ്യം,.റബ്ബിനെയാണെനിക്കിഷ്ടം,മുഹമ്മദ് നബി കാരുണ്യത്തിന്റെ  പ്രവാചകൻ, കഴിവുകളെ നന്മയിൽ ഉപയോഗപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടന്നു. ഹലാവത്തുൽ ഖുർആൻ ,
ഒരേ ഒരിന്ത്യ ഒരൊറ്റ ജനത - ഡോക്യുമെന്ററി പ്രദർശനം, പാനൽ ഡിസ്കഷൻ ,കരിയർ ഗൈഡൻസ്, സ്പോട്ട് ക്വിസ്സ് ,ഗാനാലാപനം തുടങ്ങിയവയും നടന്നു.
ഐ. എസ്‌.എം സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീൻ സ്വലാഹി ,ശഫീഖ് സ്വലാഹി ,ഹാരിസ് കായക്കൊടി ,നൗഫൽ മദീനി ,റഫീഖ് മൗലവി, വലീദ് വേങ്ങര, സവാദ് സലഫി, ഹസൻ അൻസാരി ,ശിഹാബ് എടക്കരഎന്നിവർ പ്രസംഗിച്ചു. അനീസ് മദനി സമാപന പ്രസംഗം നടത്തി.ഹാഫിദ് നസീഫ് , ആയത്തുല്ലാഹ് കുഞ്ചത്തൂർ, ഇർഷാദ്, ശഫീഖ് , ശഹ്ബാസ് നേതൃത്വം നല്കി.

Post a Comment

0 Comments