തിങ്കളാഴ്‌ച, നവംബർ 20, 2017
കാഞ്ഞങ്ങാട്: കുശാല്‍ നഗര്‍ കുടിക്കാലില്‍ ഓട് മേഞ്ഞ വീട് പൂര്‍ണമായും കത്തി നശിച്ചു. പരേതനായ കേശവയുടെ ഭാര്യ രമാദേവിയുടെയുടെ വീടാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കത്തി നശിച്ചത്. രമാദേവിയുടെ മകന്‍ ചന്ദ്രശേഖരനും കുടുംബവുമാണ് ഇവിടെ താമസമുണ്ടായിരുന്നത്. തീയണക്കുന്ന രക്ഷാ പ്രവര്‍ത്തനത്തിനിടെ കാഞ്ഞങ്ങാട് ഫയര്‍ സ്‌റ്റേഷനിലെ ലീഡിങ് ഫയര്‍മാന്‍ ശ്രീജിത്തിന് പരിക്കേറ്റു. ഇയാളെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. അയല്‍വാസികളാണ് വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. ഇവര്‍ എത്തുമ്പോഴെക്കും വീട് പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. വീട്ടിനകത്ത് ഉണ്ടായിരുന്ന രണ്ട് സിലണ്ടറുകള്‍ അയല്‍വാസിയായ രാജേന്ദ്രന്‍ അകത്ത് കയറി പുറത്തേക്ക് കൊണ്ടു വന്നതിനാല്‍ വന്‍ ദുരന്ത മൊഴിവായി. വീട്ടിലുണ്ടായിരുന്ന പ്രായം ചെന്ന സ്ത്രീയെ അയല്‍വാസികളായ രാജേന്ദ്രനും സുബൈറും കൂടി പുറത്ത് എത്തിച്ചതും ആശ്വാസമായി. വയറിംഗ് തൊഴിലാളിയായ ചന്ദ്രശേഖരന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന എഴുപതിനായിരം രൂപയുടെ വയറിങ് സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡുള്‍പ്പടെ രേഖകളും കത്തി നശിപ്പിക്കപ്പെട്ട കൂട്ടത്തിലുണ്ട്. എട്ടു ലക്ഷം രൂപയുടെ നഷ്ടം കണകാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നാട്ടുക്കാരും ചന്ദ്രശേഖരന് സഹായ ഹസ്തവുമായി എത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്നുള്ള രണ്ട് ഫയര്‍ ഫോഴ്‌സ് യൂനിറ്റ് എത്തിയാണ് തീയണച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ