കഴിഞ്ഞ 11 മാസമായി നിങ്ങൾ എവിടൊക്കെ പോയെന്ന് നിങ്ങളെക്കാൾ നന്നായി ഗൂഗിളിനറിയാം! ലൊക്കേഷൻ കണ്ടെത്തുന്ന സംവിധാനം ഓഫാക്കിയാലും സിം ഊരിക്കളഞ്ഞാലും രക്ഷയില്ല, ഗൂഗിൾ നിങ്ങളെ പിന്തുടർന്നുകൊണ്ടേയിരിക്കും. കഴിഞ്ഞ ദിവസമാണ് ഗൂഗിളിന്റെ വിവാദ ഡേറ്റ ശേഖരണത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ആൻഡ്രോയ്ഡ് ഫോണിലെ ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സർവീസ്) പ്രവർത്തിക്കുന്നില്ലെങ്കിലും നിങ്ങളെവിടെയെന്നു ഗൂഗിളിനു കണ്ടെത്താൻ കഴിയുമെന്നാണു വെളിപ്പെടുത്തൽ.
സംഭവം വിവാദമായതോടെ ഗൂഗിൾ ഇനിയിത് തുടരില്ലെന്ന് അറിയിച്ചിട്ടുണ്ട്. ശേഖരിക്കുന്ന ഡേറ്റ സൂക്ഷിക്കാറില്ലെന്നും, കൃത്യതയോടെ പുഷ് നോട്ടിഫിക്കേഷനുകൾ നൽകാനുമാണു സംവിധാനം ഉപയോഗിച്ചിരുന്നതെന്നാണു വാദം. നിലവിൽ ഇത്തരം വിവരം ശേഖരിക്കുന്നതു തടയാൻ സംവിധാനമില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം.
ട്രാക്കിങ് എങ്ങനെ?
ജിപിഎസ് ഓഫ് ആണെങ്കിലും നിങ്ങൾ ഏത് മൊബൈൽ ടവറിനു കീഴിലാണെന്നു വ്യക്തമാക്കുന്ന സെൽ ഐഡി ആൻഡ്രോയിഡ് ഫോണിലെ ഗൂഗിൾ പ്ലേ സർവീസസ് എന്ന സേവനത്തിലൂടെ ശേഖരിക്കുകയും ഇന്റർനെറ്റ് വഴി ഗൂഗിൾ സെർവറിലേക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്യും. സിം ഇല്ലെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന വൈഫൈ ഹോട്ട്സ്പോട്ടിന്റെ വിവരങ്ങളറിഞ്ഞും ലൊക്കേഷൻ ട്രാക്ക് ചെയ്യും. കുറ്റാന്വേഷണത്തിനായി പൊലീസ് ഉപയോഗിക്കുന്ന മാർഗമാണ് ഗൂഗിളും ഉപയോഗിച്ചിരുന്നത്.
ഗൂഗിളിന് മെച്ചം
∙ സ്ഥിരമായി പോകുന്ന സ്ഥലങ്ങൾ മാപ്പ് ചെയ്ത് നിങ്ങളുടെ താൽപര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്നു
∙ ഓരോ സ്ഥലത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കിയുള്ള പരസ്യങ്ങൾ നൽകാം (ടാർഗറ്റിങ് അഡ്വർട്ടൈസിങ്)
∙ മാർക്കറ്റിങ്ങിന്റെ ഭാഗമായി വിവിധ ഓഫറുകൾ, റൈഡുകൾ, കൂപ്പണുകൾ എന്നിവ നൽകാൻ കമ്പനികൾക്ക് അവസരം.
പണി കൊടുത്തത് ഓറക്കിൾ?
രാജ്യാന്തര ഐടി കമ്പനിയായ ഓറക്കിളാണ് ഗൂഗിളിന്റെ ചോർത്തലിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിനു പിന്നിലെന്നും അഭ്യൂഹമുണ്ട്. ഗൂഗിളിന്റെ പ്രധാന എതിരാളിയായ ഓറക്കിൾ കഴിഞ്ഞ അഞ്ചുമാസമായി ഈ വാർത്ത പ്രസിദ്ധീകരിക്കാനായി ശ്രമങ്ങൾ നടത്തിയിരുന്നതായി അഷ്കൻ സൊൽടാനി എന്ന സുരക്ഷാ വിദഗ്ധന്റെ പോസ്റ്റ് ട്വിറ്ററിൽ കത്തിപ്പടരുകയാണ്. എന്നാൽ ആരുമിതു സ്ഥിരീകരിച്ചിട്ടില്ല. ഗൂഗിളും ഓറക്കിളും തമ്മിൽ വർഷങ്ങളായി നടക്കുന്ന നിയമപോരാട്ടങ്ങൾ പ്രസിദ്ധമാണ്.
ഗൂഗിൾ ചോർത്തൽ മുൻപും
ഗൂഗിൾ മാപ്പിന്റെ സ്ട്രീറ്റ് വ്യൂ സേവനം രൂപപ്പെടുത്തുന്നതായി 2007നും 2010നുമിടയിൽ ലോകമെങ്ങുമുള്ള നിരത്തുകളിലൂടെ സഞ്ചരിച്ച ഗൂഗിൾ കാറുകൾ സമീപത്തുള്ള എല്ലാ വൈഫൈ ശൃംഖലകളുടെയും വിവരങ്ങൾ ശേഖരിച്ചതു വിവാദമായിരുന്നു. ഓപ്പൺ വൈഫൈകളിലൂടെ കടന്നുപോയ വിവരങ്ങളും ഗൂഗിൾ ചോർത്തിയെന്നായിരുന്നു ആരോപണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ