ചൊവ്വാഴ്ച, ഡിസംബർ 05, 2017
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കാനിറങ്ങി കൂവിവിളി കേട്ടു മടങ്ങേണ്ടിവന്ന മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ പൂന്തുറ, വിഴിഞ്ഞം ഭാഗങ്ങളിലെത്തിയ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനു ലഭിച്ചത് ഊഷ്മളമായ വരവേല്‍പ്പും കൈയടിയും.

ഞായറാഴ്ച പ്രതിഷേധം അണപൊട്ടിയതോടെ ഒന്നാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ ഒഴിവാക്കി മറ്റൊരു കാറിലാണ് മുഖ്യമന്ത്രി മടങ്ങിയത്. ഇന്നലെ രാവിലെയെത്തിയ വി.എസിനു മുന്നില്‍ ജനങ്ങള്‍ തങ്ങളുടെ സങ്കടങ്ങള്‍ നിരത്തുകയാണു ചെയ്തത്. ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും പരിഹാരമുണ്ടാക്കാന്‍ ആകുന്നതെല്ലാം ചെയ്യാനാണു ശ്രമമെന്നും വി.എസ്. പറഞ്ഞു. എല്ലാം കണ്ടറിഞ്ഞ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒപ്പമുണ്ടാകുമെന്നും വി.എസ്. വാക്കുപറഞ്ഞു.

ഇന്നലെ രാവിലെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനൊപ്പം ദുരിതബാധിത പ്രദേശങ്ങളിലെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയ്ക്കും കടുത്ത പ്രതിഷേധം അഭിമുഖീകരിക്കേണ്ടിവന്നു. കടകംപള്ളിയും മേഴ്‌സിക്കുട്ടിയമ്മയും തിരിച്ചുപോകണമെന്നായിരുന്നു ആവശ്യം. അതിനു പിന്നാലെയാണ് വി.എസ്. സ്ഥലത്തെത്തിയത്.

മരിച്ചവരുടെ ആശ്രിതര്‍ക്കു നഷ്ടപരിഹാരം കിട്ടാനും കാണാതായവരെ കണ്ടെത്താനും രക്ഷപ്പെട്ടവര്‍ക്കു മതിയായ ചികിത്സ നല്‍കാനും നഷ്ടപ്പെട്ട ജീവിതോപാധികള്‍ തിരികെക്കിട്ടാനുമെല്ലാം നടപടി വേണം. അതു കഴിയുന്നത്ര വേഗത്തില്‍ നടപ്പാക്കുന്നതിന് എല്ലാ ഇടപെടലുകളും നടത്തുമെന്ന് വി.എസ്. പറഞ്ഞു. ആരും പ്രതീക്ഷിക്കാത്ത ദുരന്തം ഉണ്ടായ സാഹചര്യത്തില്‍ തര്‍ക്കങ്ങളിലേക്കു പോകരുതെന്ന് വി.എസ്. അഭ്യര്‍ഥിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ