യു എ ഇ കാർ റാലി ചാമ്പ്യൻഷിപ്പ്: മൂസ ഷരീഫ് സഖ്യം കിരീടം മാറോടണച്ചു
അജ്‌മാൻ: യു എ ഇ യുടെ വിവിധ ഭാഗങ്ങളിലായി ആവേശത്തിന്റെ അലകൾ തീർത്ത് ഒരു വർഷത്തോളമായി നടന്ന യു എ ഇ എഫ്.ഡബ്ല്യു.ഡി കാർ റാലി ചാമ്പ്യൻഷിപ്പ -2017ൽ മൊഗ്രാൽ പെർവാഡ് സ്വദേശി മൂസാ ഷരീഫ്-തൃശൂർ ഗുരുവായൂർ സ്വദേശി സനീം സാനി സഖ്യം മുത്തമിട്ടു. 5 റൗണ്ടുകൾ അടങ്ങിയ യു എ ഇ കാർ റാലി ചാമ്പ്യൻഷിപ്പിലെ 4 റൗണ്ടുകളിലും മിന്നും ജയം നേടിയാണ് ഈ സഖ്യം കിരീടം മാറോടണച്ചത്. .എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഈ സഖ്യത്തിന്റെ വിജയം എന്നതാണ് ഏറെ ശ്രദ്ധേയം. ഷാർജ , ഉമ്മുൽ ഖുവൈൻ ,റാസൽ ഖൈമ, ഫുജൈറ എന്നീ സ്ഥലങ്ങളിലെ മരുഭൂമിയിലെ അപകടം നിറഞ്ഞ പാതയിലായിരുന്നു മത്സരങ്ങൾ നടന്നത്.കഴിഞ്ഞ 25 വർഷമായി ദേശീയ-അന്തർ ദേശീയ റാലികളിൽ വിജയ ഗാഥ തുടരുന്ന മൂസാ ഷരീഫ് ജി.സി.സി മേഖലയിൽ ഇതിനകം മത്സരിച്ച അഞ്ച് റാലികളിലും തിളക്കമാർന്ന വിജയമാണ് കരസ്ഥമാക്കിയത്.. ഇന്ത്യൻ റാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററും ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ അംഗവുമായ മൂസാ ഷരീഫ് ഇതിനകം അമ്പതിൽ പരം അന്താരാഷ്ട്ര റാലികളിൽ മത്സരിച്ച കഴിഞ്ഞു.അജ്‌മാൻ പാലസ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ യു എ ഇ മോട്ടോർ സ്പോർട്ട് തലവൻ മുഹമ്മദ് ബിൻ സുലയേം വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. യു എ ഇ കാർ റാലി ചാമ്പ്യൻഷിപ്പ് -2018 ന്റെ ആദ്യ റൗണ്ട് മത്സരം ജനുവരി ആദ്യവാരത്തിൽ ആരംഭിക്കും.സനീം സാനി തന്നെയായിരിക്കും മൂസ ഷരീഫിന്റെ കൂട്ടാളി.ഈ വർഷം ഇനിയും രണ്ട് പ്രമുഖ റാലികളിൽ മത്സരിക്കുന്ന മൂസ ഷരീഫ് മലേഷ്യൻ റാലിക്കായി പുറപ്പെട്ടു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ