തിങ്കളാഴ്‌ച, ഡിസംബർ 18, 2017
അഹമ്മദാബാദ്: ആദ്യന്തം ട്വന്റി 20 ക്രിക്കറ്റിന്റെ ആവേശം നിറഞ്ഞു നിന്ന വോട്ടെണ്ണലിനൊടുവിൽ ബി.ജെ.പി തുടർച്ചയായ ആറാം തവണയും ഗുജറാത്തിൽ അധികാരം നിലനിറുത്തി. 182 അംഗ നിയമസഭയിൽ 105 സീറ്റ് നേടിയായിരുന്നു ബി.ജെ.പിയുടെ വിജയം. 2012ലേതുപോലെ അനായാസം വിജയത്തിലെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. കഴിഞ്ഞ തവണ 115 സീറ്റായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്. 10 സീറ്റുകളുടെ കുറവുണ്ടായത് ഇപ്പോഴത്തെ സാഹചര്യത്തിൽ ബി.ജെ.പിക്ക് കടുത്ത ആശങ്ക ഉണ്ടാക്കുമെന്ന് ഉറപ്പാണ്. അതേസമയം, 2012ൽ 61 സീറ്റ് നേടിയ കോൺഗ്രസ്, പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഭാവത്തിൽ സീറ്റ് നില 72 ആയി ഉയർത്തി. വോട്ടെണ്ണലിനിടെ ഒരവസരത്തിൽ കോൺഗ്രസ് ബി.ജെ.പിയെ മറികടക്കുകയും ചെയ്തു. മറ്റുള്ള പാർട്ടികൾ അഞ്ച് സീറ്റ് നേടി.

രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ബി.ജെ.പിയുടെ മുന്നേറ്റമായിരുന്നു കണ്ടത്. എന്നാൽ, മുക്കാൽ മണിക്കൂർ പിന്നിട്ടതോടെ ഒട്ടും പിന്നോട്ടില്ലെന്ന സൂചനയുമായി കോൺഗ്രസും ബി.ജെ.പിക്കൊപ്പം കുതിച്ചു. കോൺഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റം കണ്ട് അന്പരന്ന ബി.ജെ.പി ക്യാന്പ് മ്ളാനമായി. കോൺഗ്രസ് ബി.ജെ.പിയെ മറികടന്ന അവസരത്തിൽ അവരുടെ നേതാക്കൾ ആരും തന്നെ മാദ്ധ്യമങ്ങളോട് സംസാരിക്കാൻ പോലും തയ്യാറായില്ല. എന്നാൽ, വീണ്ടും കേവല ഭൂരിപക്ഷമെന്ന 92 സീറ്റ് കടന്നതോടെ ബി.ജെ.പി ക്യാന്പിലേക്ക് ആവേശം മടങ്ങിയെത്തി.

ഗുജറാത്തിൽ കോൺഗ്രസിന് അധികാരത്തിൽ മടങ്ങി എത്താനായില്ലെങ്കിലും നില മെച്ചപ്പെടുത്താനായത് പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുലിന്റെ നേട്ടമായി. ഗുജറാത്തിൽ ക്യാന്പ് ചെയ്ത് രാഹുൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണം അവർക്ക് നല്ലതോതിൽ ഗുണം ചെയ്തു. ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കും പ്രവർത്തകർക്കും ആത്മവിശ്വാസം പകരാൻ രാഹുലിനായി എന്നതും നേട്ടമായി. കഴ‌ിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി മാത്രം കിട്ടിയ കോൺഗ്രസിന് പുതിയൊരു ഊർജമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഭരണത്തിലെത്താൻ കഴിഞ്ഞില്ലെങ്കിലും മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ബി.ജെ.പിയെ വിയർപ്പിക്കാൻ കഴിഞ്ഞുവെന്നത് കോൺഗ്രസിന്റെ നേട്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും നേർക്കുനേർ പോരാട്ടമായിരുന്നു ഗുജറാത്തിൽ. മോദിയും ഡസനിലധികം കേന്ദ്രമന്ത്രിമാരും ഗുജറാത്തിൽ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. എന്നാൽ, അതിനുതക്ക വിജയം ഗുജറാത്തിൽ നേടാനായില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, ദളിത്, പിന്നാക്ക വിഭാഗങ്ങളിലെ യുവാക്കളായ നേതാക്കളെ ഒപ്പം കൂട്ടാൻ കഴിഞ്ഞതും കോൺഗ്രസിന് നില മെച്ചപ്പെടുത്താൻ സാധിച്ചു. രാജ്കോട്ട്, സൂററ്റ്, വഡോദര മേഖലകളിൽ ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു. നഗരമേഖലയിൽ സമ്മിശ്ര പ്രതികരണവും. അതേസമയം, ആദിവാസി മേഖല ബി.ജെ.പിയെ കൈവിടാതിരുന്നതും തുണയായി. സൗരാഷ്ട്രയിലും വടക്കൻ ഗുജറാത്തിലും കോൺഗ്രസ് നേട്ടമുണ്ടാക്കി. എന്നാൽ, തെക്കൻ, മദ്ധ്യ ഗുജറാത്തുകൾ ബി.ജെ.പിയെ കൈവിട്ടില്ല. പക്ഷേ, പാട്ടിദാർമാർക്ക് സ്വാധീനമുള്ള സൗരാഷ്ട്ര ബി.ജെ.പിയെ തുണച്ചില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ