കണ്ണിനെയും മൂക്കിനെയും മറച്ചുകൊണ്ട് മുഖത്ത് വന്ന മുഴ കാരണം ഒന്നും കാണാനും ശ്വസിക്കാനും സാധിക്കാതെ ദുരിതം അനുഭവിക്കുകയാണ് പതിനാലുകാരനായ ഇമാനുവല്‍ സയാസ്. തന്റെ മുഖത്ത് വളര്‍ന്ന് വലുതാകുന്ന മുഴ എത്രത്തോളം ഉണ്ടെന്ന് കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇമാനുല്‍. ഡോക്ടര്‍മാരും മാതാപിതാക്കളും പറഞ്ഞാണ് തന്റെ മുഴയുടെ വലിപ്പം പോലും കുട്ടി അറിയുന്നത്.
ക്യൂബന്‍ സ്വദേശിയായ ഇമാനുവല്‍ സയാസിന് പതിനൊന്നാം വയസിലാണ് രോഗ ലക്ഷങ്ങള്‍ കണ്ടുതുടങ്ങിയത്. മൂക്കില്‍ ഒരു കുരു ഉണ്ടാവുകയും പിന്നീടത് വളര്‍ന്നു വലുതാവുകയുമായിരുന്നു. ആദ്യം കാര്യമായി എടുത്തില്ലെങ്കിലും കുരു വളര്‍ന്ന് വലുതാകാന്‍ ആരംഭിച്ചതോടെയാണ് മകന്റെ രോഗത്തിന്റെ ഭീകരത മാതാപിതാക്കള്‍ക്കു പോലും മനസിലാക്കാന്‍ സാധിച്ചത്.
കുട്ടിയുടെ അസുഖം മൂര്‍ച്ഛിച്ചതോടെ ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ഡോക്ടര്‍മാരും കുട്ടിയെ കൈയ്യൊഴിഞ്ഞു. ശസ്ത്രക്രിയ ചെയ്താല്‍ കുട്ടിയുടെ ജീവനു തന്നെ അപകടം സംഭവിക്കുമെന്ന് പറഞ്ഞാണ് കുട്ടിയെ ഡോക്ടര്‍മാര്‍ ഒഴിവാക്കിയത്. എന്നാല്‍ മാതാപിതാക്കളുടെ നിരന്തര ആവശ്യ പ്രകാരം ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായി.
മൂക്കിനെ മുഴ പൂര്‍ണ്ണമായും മറച്ചതു കാരണം കുട്ടി ഇപ്പോള്‍ വായിലൂടെയാണ് ശ്വസിക്കുന്നത്. എന്നാല്‍ മുഴ കുറച്ചു കൂടി വളര്‍ന്നാല്‍ ശ്വസിക്കാന്‍ സാധിക്കാതെ അതുവഴി കുട്ടിയുടെ ജീവനു തന്നെ ഭീഷണി ആകും. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്യാന്‍ തയ്യാറായെങ്കിലും ഒരു കോടിയോളം രൂപയാണ് ശസ്ത്രക്രിയക്കായി ആവശ്യമായി വരുന്നത്. എന്നാല്‍ ഈ തുക എങ്ങനെ കണ്ടെത്തും എന്നറിയാത്ത അവസ്ഥയിലാണ് ഇമാനുവലിന്റെ വീട്ടുകാര്‍.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ