വ്യാഴാഴ്‌ച, ഡിസംബർ 28, 2017
ന്യുഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടരുകയാണ്. കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. പെട്ടന്നുള്ള വവാഹമോചനം മൂലം ദുരിതം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതാണ് ബില്‍ എന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ബില്ലിനെ പിന്തുണയ്ക്കുന്നതായി പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിട്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആവശ്യം നിയമമന്ത്രി തള്ളി. ബില്ലിനെ പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബില്‍ മുസ്ലീം സ്ത്രീകളോടുള്ള അനീതിയാണെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലീമീന്‍, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ആരോപിച്ചു.

മുത്തലാഖിനെതിരെ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ എതിരില്ലാതെ പാസാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബില്ലിനെ രാഷ്ട്രീയ കണ്ണോടെ കാണരുത്. വോട്ട് ബാങ്ക് രാഷ്ട്രീയമോ ജാതിമത താല്‍പ്പര്യമോ ബില്ലിന് പിന്നില്‍ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ