തിരുവനന്തപുരം: എന്‍.സി.പിയില്‍ ലയിച്ച് മന്ത്രിയാകാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. എന്‍.സി.പിയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. മന്ത്രിയാകാനില്ലെന്നും ഗണേഷ് വ്യക്തമാക്കി.
മന്ത്രിയാകാന്‍ താല്‍പ്പര്യമില്ല. പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പാര്‍ട്ടി പിളര്‍ത്താന്‍ ഒരു നീക്കവും നടത്തിയിട്ടില്ലെന്നും ഗണേഷ് പറഞ്ഞു. ഇടതുമുന്നണിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായി മന്ത്രിസഭയില്‍ എത്തുമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് (ബി) എന്‍.സി.പിയുമായി ലയിച്ച് ഗണേഷ് കുമാര്‍ മന്ത്രിയാകാനുള്ള നീക്കം നടത്തുന്നതായി ഇന്ന് രാവിലെയാണ് വാര്‍ത്ത വന്നത്. എന്‍.സി.പിയിലെ രണ്ട് മന്ത്രിമാരും രാജിവച്ച് ഒഴിഞ്ഞതിനാല്‍ എന്‍.സി.പി വഴി മന്ത്രിസഭയില്‍ എത്താന്‍ നീക്കം നടത്തുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.
എന്‍.സി.പിയുടെ ഒഴിവുള്ള മന്ത്രിസ്ഥാനത്തിനായി എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍പിള്ള എന്നിവരും നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ മൂന്ന് എം.എല്‍.എമാരില്‍ ആരെയെങ്കിലും പാര്‍ട്ടിയില്‍ എത്തിച്ച് നഷ്ടപ്പെട്ട മന്ത്രിസ്ഥാനം തിരിച്ചുപിടിക്കാനാണ് എന്‍.സി.പിയുടെ നീക്കം. ഏക മന്ത്രിസ്ഥാനം ഉണ്ടായിരുന്നത് പാര്‍ട്ടിക്ക് ക്ഷീണമായിട്ടാണ് നേതാക്കള്‍ വിലയിരുത്തുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ