വെള്ളിയാഴ്‌ച, ജനുവരി 05, 2018
ന്യൂഡൽഹി: രാജ്യസഭയിലെ ശൈത്യകാല സമ്മേളനം പിരിഞ്ഞതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ അടുത്തെത്തി ഹസ്‌തദാനം നൽകി. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണം സമയം മോദിയും മൻമോഹൻ സിംഗും നടത്തിയ പരാമർശങ്ങൾ ബി.ജെ.പിയെയും കോൺഗ്രസിനെയും ചൊടിപ്പിച്ചിരുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് മൻമോഹൻ സിംഗ് പാക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന മോദിയുടെ പരാമർശമാണ് വിവാദത്തിനിടയായത്. ഇതേ തുടർന്ന് മോദി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിൽ ഇരുസഭകളും തടസപ്പെടുത്തിയിരുന്നു.

സഭ പിരിച്ചുവിട്ടതായി രാജ്യസഭാ ചെയർമാൻ വെങ്കയ്യനായിഡു പ്രഖ്യാപിച്ചതിന് ശേഷം വന്ദേമാതരം മുഴങ്ങിയതിന് പിന്നാലെയാണ് നരേന്ദ്ര മോദി പ്രതിപക്ഷാംഗങ്ങളുടെ ഇരിപ്പിടത്തിലേക്കെത്തിയത്. മൻമോഹൻ സിംഗ് കൂടാതെ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ, കരൺ സിംഗ് എന്നിവർക്കും ഹസ്‌തദാനം നൽകിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ