ശനിയാഴ്‌ച, ജനുവരി 20, 2018
തിരുവനന്തപുരം: റെക്കോഡുകൾ ഭേദിച്ച് ഡീസൽ, പെട്രോൾ വില കുതിക്കുന്നു. മൂന്നു ദിവസമായി പെട്രോളിന് ശരാശരി 15 പൈസയും ഡീസലിന് 20 പൈസ വീതവും കൂട്ടി. ഡീസൽവില സർവകാല റെക്കോഡിലെത്തിയതോടെ അരി ഉൾപ്പെടെ അവശ്യസാധന വിലകൾ കുതിക്കുന്നു.

ബുധനാഴ്ച 67.39 രൂപയായിരുന്ന ഡീസൽവില വ്യാഴാഴ്ച 67.59 രൂപയും വെള്ളിയാഴ്ച 67.79 രൂപയുമായി. ബുധനാഴ്ച 75.29 രൂപയായിരുന്ന പെട്രോൾവില വ്യാഴാഴ്ച 75.42 ആയും വെള്ളിയാഴ്ച 75.57 ആയും വർധിച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെ പെട്രോളിനും ഡീസലിനും 20 പൈസവീതം വീണ്ടും കൂട്ടി. ജനുവരി ഒന്നിന് 64 രൂപയായിരുന്ന ഡീസൽവില ഇപ്പോൾ അറുപത്തെട്ടിലേക്ക് എത്തി. പെട്രോൾവിലയും റെക്കോഡിലേക്ക് നീങ്ങുകയാണ്. 77 രൂപയാണ് ഇതുവരെയുള്ള ഉയർന്ന വില (2013).

ചരക്ക് കടത്തുകൂലി കൂടിയതോടെ അയൽസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയവയ്ക്ക് വില കൂടി.
ഡീസൽവില അനിയന്ത്രിതമായി വർധിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് അനുവാദം നൽകുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ 24ന് ട്രേഡ് യൂണിയനുകൾ സംയുക്തപണിമുടക്കിന് ആഹ്വാനംചെയ്തിട്ടുണ്ട്. യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 30 മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ വർധന സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്. മോഡിസർക്കാർ അധികാരത്തിലെത്തിയ 2014 മേയിൽ ക്രൂഡ് ഓയിലിന് ബാരലിന് 120 ഡോളറായിരുന്നു. അന്ന് ഡീസലിന് 49.57 രൂപയായിരുന്നെങ്കിൽ ബാരലിന് 70 ഡോളർമാത്രമുള്ള ഇപ്പോൾ വില അറുപത്തെട്ടാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ