ബുധനാഴ്‌ച, ജനുവരി 31, 2018
പത്തനംതിട്ട: തനിച്ചു താമസിച്ചിരുന്ന വയോധികയെ രണ്ടംഗ സംഘം കെട്ടിയിട്ടു പീഡിപ്പിച്ചു. ആന്തരികാവയവങ്ങള്‍ക്കു പരുക്കേറ്റ്‌ അവശനിലയിലായ എണ്‍പതുകാരിയെ പിന്നീട്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രക്കാനം വലിയവട്ടത്തിനു സമീപം ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഭര്‍ത്താവ്‌ മരിച്ച വീട്ടമ്മ, മൂന്നു പെണ്‍മക്കളുടെയും വിവാഹശേഷം തനിച്ചാണ്‌ താമസിച്ചിരുന്നത്‌. പഴയ വീടിന്റെ പിന്നില്‍ തുറന്നുകിടന്ന ജനല്‍പ്പാളിയിലൂടെയാണ്‌ അക്രമികള്‍ അകത്തു കടന്നത്‌. തടി കൊണ്ടുണ്ടാക്കിയ അഴികള്‍ കല്ലുകൊണ്ട്‌ ഇടിച്ചു തകര്‍ത്തുണ്ടാക്കിയ വിടവിലൂടെ നുഴഞ്ഞിറങ്ങുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കെട്ടിയിട്ടാണ്‌ പീഡിപ്പിച്ചത്‌. രാവിലെ ഏഴുമണിയോടെ അയല്‍വാസികളെ വിളിച്ച്‌ വയോധിക വിവരം പറഞ്ഞു. വീട്ടിലെത്തിയ സമീപത്തെ സ്‌ത്രീകള്‍ പരിശോധിച്ചപ്പോള്‍ മേലാസകലം മുറിവേറ്റതായി കണ്ടെത്തി.
ഉടന്‍തന്നെ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ പോലീസിനോട്‌ പ്രതികളെക്കുറിച്ച്‌ സൂചന നല്‍കി. മലയാളം സംസാരിക്കുന്ന രണ്ടുപേരാണ്‌ തന്നെ ഉപദ്രവിച്ചതെന്ന്‌ വൃദ്ധ പോലീസിനോട്‌ പറഞ്ഞു. മദ്യലഹരിയിലായിരുന്നു ഇവര്‍. അഞ്ചോളം ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ്‌ വയോധിക ഇപ്പോഴുള്ളത്‌. ഇവരുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്‌.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ