ശനിയാഴ്‌ച, ഫെബ്രുവരി 24, 2018
പാലക്കാട് : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വനം വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മധുവിന്റെ കുടുംബം രംഗത്ത്. മധുവിന്റെ മരണത്തില്‍ വനംവകുപ്പിനും പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. മധുവിനെ ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി ചന്ദ്രിക ആരോപിച്ചു. ആദിവാസികള്‍ അല്ലാത്ത ആരെയും കാട്ടിനകത്തേക്ക് വനപാലകര്‍ പ്രവേശിപ്പിക്കാറില്ല. അല്ലെങ്കില്‍ തിരിച്ചറിയല്‍ രേഖ നല്‍കണം. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് ഇരുപതോളം പേരെ വനംവകുപ്പ് അധികൃതര്‍ കാട്ടിലേക്ക് പ്രവേശിപ്പിച്ചത്. കാട്ടില്‍ കയറി മധുവിനെ ജനക്കൂട്ടത്തിന് കാണിച്ച് കൊടുത്തതും വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും സഹോദരി ആരോപിച്ചു.
പ്രദേശത്തെ കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴവരയില്‍ നിന്നാണ് നാട്ടുകാര്‍ മധുവിനെ പിടികൂടിയത്. ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുമ്പോഴാണ് മധുവിനെ പിടിക്കുന്നത്. ഇതിന് ശേഷം ജനക്കൂട്ടം ഇയാളെ മാരകമായി തല്ലിച്ചതച്ചു. മധുവിനെ ആരവങ്ങളോടെയാണ് കാട്ടില്‍ നിന്നും കൊണ്ടുവന്നത്. ആള്‍ക്കൂട്ടത്തിന് അകമ്പടിയായി വനംവകുപ്പിന്റെ ജീപ്പുമുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് ക്രൂരപീഡനം നടന്നത്.
അടികൊണ്ട് തളര്‍ന്ന മധു വെള്ളം ചോദിച്ചപ്പോള്‍ ജനക്കൂട്ടം മൂക്കിലേക്ക് വെള്ളമൊഴിച്ച് നല്‍കിയതായും ചന്ദ്രിക പറയുന്നു. ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ ക്രൂരത. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ഇയാള്‍ മോഷ്ടിച്ചതെന്ന് പറയുന്ന അരിയും മഞ്ഞള്‍ പൊടിയും പോലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുവരികയും ചെയ്തു. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയപ്പോഴേക്കും മധു ഛര്‍ദ്ദിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അടുത്തിടെ താവളത്ത് ഒരു കട കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അവ്യക്തമായ ഒരു രൂപം മാത്രമാണ് പതിഞ്ഞത്. ഇത് മധുവാണെന്ന് ആരോപിച്ച് വ്യാപാരികള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ കാട്ടില്‍ കയറി മധുവിനെ പിടിച്ചു കൊണ്ടുവരാനാണ് പൊലീസ് ഇവരോട് പറഞ്ഞത്. തുടര്‍ന്നാണ് നാട്ടുകാര്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ മല്ലീശ്വര മുടിയുടെ താഴ്‌വരയില്‍ നിന്നും മധുവിനെ പിടികൂടുന്നതെന്നും അട്ടപ്പാടി പ്രദേശത്തെ ലോക്കല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ അവകാശപ്പെടുന്നു. ഇതാണ് നാട്ടുകാര്‍ ചെയ്തതും. അതുകൊണ്ട് കൂടിയാണ് പൊലീസിനെതിരേയും ആരോപണം ഉയരുന്നത്.
നാട്ടുകാര്‍ മര്‍ദ്ദിച്ചുവെന്ന് മരിക്കുന്നതിന് മുന്‍പ് മധു പൊലീസിന് മൊഴി നല്‍കിയെന്ന് എഫ്‌ഐആര്‍ വിശദീകരിക്കുന്നു. ഏഴ് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും മധു പറഞ്ഞു. എഫ്ഐആറിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നീ പേരുകളാണ് മധു പറഞ്ഞതെന്നാണ് എഫ്‌ഐആറിലുള്ളത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പേര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. രാവിലെ പിടികൂടിയ ഏഴ് പേരില്‍ രണ്ട് പേരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ