ചൊവ്വാഴ്ച, ഫെബ്രുവരി 06, 2018
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ സീസണ്‍ നാലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ട്‌ ഗോവ എഫ്‌.സിയില്‍ ചേര്‍ന്ന മാര്‍ക്ക്‌ സിഫ്‌നിയോസിന്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ വക 'ചിമിട്ടന്‍ പണി'.
ബ്ലാസ്‌റ്റേഴ്‌സിന്റെ പരാതിയെത്തുടര്‍ന്ന്‌ സിഫ്‌നിയോസ്‌ ഗോവയില്‍ നിന്ന്‌ സ്വന്തം രാജ്യത്തേക്കു മടങ്ങി.
സിഫ്‌നിയോസിനെതിരേ ഫോറിന്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍(എഫ്‌.ആര്‍.ആര്‍.ഒ) ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ്‌ പരാതിപ്പെട്ടതോടെയാണു താരം ഇന്ത്യവിട്ടു ഹോളണ്ടിലേക്കു പറന്നത്‌.
കഴിഞ്ഞ ദിവസം നടന്ന ഗോവ-നോര്‍ത്ത്‌ ഈസ്‌റ്റ് മത്സരത്തിനു തൊട്ടുമുമ്പാണ്‌ സിഫ്‌നിയോസ്‌ വിമാനം കയറിയത്‌.
ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാനുള്ള എംപ്ലോയ്‌മെന്റ്‌ വിസയിലാണ്‌ സിഫ്‌നിയോസ്‌ എഫ്‌.സി ഗോവയില്‍ കളിക്കുന്നതെന്നും അതു നിയമവിരുദ്ധമാണെന്നുമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാതി.
തുടര്‍ന്ന്‌ എഫ്‌.ആര്‍.ആര്‍.ഒ ഓഫീസ്‌ എഫ്‌.സി ഗോവയേയും സിഫ്‌നിയോസിനേയും ബന്ധപ്പെടുകയായിരുന്നു. ഒന്നുകില്‍ രാജ്യം വിട്ടുപോകാനോ അല്ലെങ്കില്‍ ഡീപോര്‍ട്ടിംഗ്‌ നടപടിക്ക്‌ വഴങ്ങുകയോ ചെയ്യാനാണ്‌ എഫ്‌.ആര്‍.ആര്‍.ഒ ഓഫീസ്‌ സിഫ്‌നിയോസിനോട്‌ നിര്‍ദേശിച്ചത്‌.
എഫ്‌.ആര്‍.ആര്‍.ഒയുടെ നിര്‍ദേശം അനുസരിച്ച സിഫ്‌നിയോസ്‌ സ്വന്തം രാജ്യത്തേക്ക്‌ പറന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ഡച്ച്‌ താരത്തിന്‌ ഇന്ത്യയിലേക്ക്‌ തിരിച്ചുവരണമെങ്കില്‍ പത്ത്‌ ദിവസമെങ്കിലുമെടുക്കും. ജനുവരിയില്‍ നടന്ന ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെയാണ്‌ സിഫ്‌നിസോയ്‌ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന്‌ ഗോവയിലെത്തിയത്‌.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ