തൃക്കരിപ്പൂർ: രാജ്യാന്തര ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം തൃക്കരിപ്പൂരിലെ നടക്കാവ് വലിയകൊവ്വൽ മൈതാനത്ത് ആരംഭിക്കുന്നതിനു മുന്നോടിയായി മണ്ണു പരിശോധന തുടങ്ങി. കഴിഞ്ഞ ബജറ്റിൽ 40 കോടി രൂപ ചെലവിൽ ജില്ലയ്ക്ക് അനുവദിച്ചതാണിത്. കഴിഞ്ഞ വർഷം തുറന്നുകൊടുത്ത ആധുനിക സിന്തറ്റിക് സ്റ്റേഡിയത്തോടു ചേർന്നുകിടക്കുന്ന സ്ഥലത്താണ് ഇൻഡോർ സ്റ്റേഡിയം പണിയുന്നത്. 13 ഏക്കർ ഭൂമിയിലാണ് നിർമാണം. മണ്ണു പരിശോധന നടത്തിയ ശേഷം ഇൻഡോർ സ്റ്റേഡിയം ഇവിടെ പണിയാൻ സാധ്യമാണോയെന്ന റിപ്പോർട്ട് ഒരു മാസത്തിനകം വിദഗ്ധർ ബന്ധപ്പെട്ടവർക്കു കൈമാറും. റിപ്പോർട്ട് അനുസരിച്ചാണ് പ്രവൃത്തി തുടങ്ങുക.
രാജ്യാന്തര നിലവാരത്തിലുള്ള താരങ്ങളെ സമർപ്പിച്ചതിനുള്ള അംഗീകാരമായാണ് എം.രാജഗോപാലൻ എംഎൽഎയുടെ ഇടപെടലിലൂടെ ഇൻഡോർ സ്റ്റേഡിയം തൃക്കരിപ്പൂരിന് അനുവദിച്ചത്. എംആർസി വെല്ലിങ്ടന്റെ താരവും ഫുട്ബോൾ പരിശീലകനുമായ എടാട്ടുമ്മലിലെ എം.ആർ.സി.കൃഷ്ണന്റെ സ്മരണയിലാണ് സ്റ്റേഡിയം പണിയുന്നത്. മുൻ രാജ്യാന്തര ഫുട്ബോൾ താരവും ഈസ്റ്റ് ബംഗാൾ നായകനുമായിരുന്ന എം.സുരേഷിന്റെ പിതാവാണ് കൃഷ്ണൻ.
ആയിരങ്ങൾക്ക് ഇരുന്നു കളി കാണാൻ കഴിയുന്ന പവിലിയൻ, 400 മീറ്റർ ട്രാക്ക്, താരങ്ങൾക്കു വിശ്രമിക്കാനുള്ള മുറി, വോളിബോൾ, ഷട്ടിൽ, ബാസ്കറ്റ് ബോൾ തുടങ്ങിയവയ്ക്കുള്ള കോർട്ടുകൾ എന്നിവ ഇതിനകത്ത് ഒരുക്കും. സമാന്തര റോഡ് നിർമിച്ച് വാഹന പാർക്കിങ്ങും ഒപ്പം ഓവുചാലും നിർമിക്കും. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ പ്രാഥമിക രൂപമുണ്ടാക്കി സർക്കാരിനു സമർപ്പിച്ചത്. ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമായാൽ ആധുനിക സിന്തറ്റിക് സ്റ്റേഡിയവും ഇൻഡോർ സ്റ്റേഡിയവും തൊട്ടുരുമ്മി നിൽക്കുന്ന അപൂർവതയും ഈ ഫുട്ബോൾ ഗ്രാമത്തിനു സ്വന്തമാകും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ