ബുധനാഴ്‌ച, ഫെബ്രുവരി 07, 2018
ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നോവോയില്‍ ഒരു സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ചതിനേത്തുടര്‍ന്ന് 46 പേര്‍ക്ക് എച്ച്‌ഐവി ബാധ. കഴിഞ്ഞ പത്തു മാസത്തിനിടെയാണ് യുപിയില്‍ അപകടകരമായ രീതിയില്‍ ഇത്രയേറേ പേര്‍ക്ക് രോഗം ബാധിച്ചത്. ഇതോടെ നടത്തിയ നിര്‍ണായക അന്വേഷണത്തിലാണ് വിവരം കണ്ടെത്തിയത്. ചികിത്സ നടത്തിയ വ്യാജ ഡോക്ടര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

ഏപ്രില്‍ മുതല്‍ ജൂലൈ വരെ നടത്തിയ പരിശോധനയില്‍ 12 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയിരുന്നു. ബംഗര്‍മൗ മേഖലയില്‍ മാത്രമായിരുന്നു ഇത്. നവംബറില്‍ നടത്തിയ പരിശോധനയിലും 13 കേസുകള്‍ ഇവിടെ നിന്നു റിപ്പോര്‍ട്ടു ചെയ്തതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ്.പി.ചൗധരി പറഞ്ഞു.

കഴിഞ്ഞ മാസം അവസാനത്തോടെ നടന്ന പരിശോധനയില്‍ 32 പേര്‍ക്കാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ ആറു വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ആരും വ്യാജ വൈദ്യന്മാരുടെ ചികില്‍സയ്ക്കു വിധേയരാകരുതെന്നും ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ നാഥ് സിങ് പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ