വ്യാഴാഴ്‌ച, ഫെബ്രുവരി 08, 2018
ദുബായ്: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും സിപിഎമ്മിനെയും ഒരുപോലെ വെട്ടിലാക്കിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിനോയ് കോടിയേരി പണം നല്‍കി ഒത്തുതീര്‍പ്പിലേക്ക്. കോട്ടയത്തെ ആഡംബര ഹോട്ടലിലും ഡല്‍ഹിയിലുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നതായും നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാന്‍ ധാരണയായതായും സൂചനകളുണ്ട്. വന്‍ വിവാദത്തിലായതോടെ പ്രശ്‌നം എത്രയും വേഗം തീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ തന്നെ ആവശ്യപ്പെടുകയുണ്ടായി.

യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇപ്പോള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുകയാണ് ബിനോയ്. നാട്ടിലേക്ക് മടങ്ങണമെങ്കില്‍ 1.71 കോടി രൂപ ഉടന്‍ നല്‍കേണ്ട സ്ഥിതിയാണ്. സിപിഎം നേതാക്കളുടെ മക്കള്‍ വിദേശത്ത് നടത്തുന്ന ഇടപാടിലേക്ക് ജനങ്ങളുടെ ശ്രദ്ധ എത്തുന്ന സാഹചര്യത്തില്‍ പ്രശ്‌നം തീര്‍ക്കാന്‍ കോടിയേരിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായതും ബിനോയ് യുടേയും യുഎഇ ക്കാരന്റെയും അടുപ്പക്കാരായ ചിലരുടെ ഇടപെടലുകളും പ്രശ്‌നം അടിയന്തിരമായി തീര്‍ക്കുന്നതിലേക്ക് നീങ്ങി.

ഈ മാസം പത്തിന് മുമ്പായി തന്നെ കേസ് ഒത്തുതീര്‍ക്കാനാണ് ശ്രമം. ഡല്‍ഹിക്ക് പുറമേ കോട്ടയം കുമരകത്തെ ആഡംബര ഹോട്ടലിലും ദുബായ് വ്യവസായിയുടേയും ബിനോയ് യുടേയും അടുപ്പമുള്ളവര്‍ ചര്‍ച്ച നടത്തിയാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഉണ്ടാക്കിയത്. പ്രശ്‌ന പരിഹാരത്തിനായി ബിനോയിക്കു വേണ്ടി ചില വ്യവസായ പ്രമുഖര്‍ സാമ്പത്തിക സഹായം നല്‍കാന്‍ മുന്നോട്ടു വന്നതായും ഗള്‍ഫിലെ ഒരു വ്യവസായിയാണ് ചര്‍ച്ചകള്‍ക്ക് മദ്ധ്യസ്ഥനായതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കോട്ടയത്തെ ചര്‍ച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ എത്തിയ സംഘം സിപിഎം ജനറല്‍ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തുകയും വിവരം നല്‍കുകയും ചെയ്തു.

തിരുവനന്തപുരത്തെ വാര്‍ത്താസമ്മേളന ശ്രമം പരാജയപ്പെട്ടതോടെ പരാതിക്കാരന്‍ കടുത്ത നിലപാടിലേക്ക് നീങ്ങിയിരുന്നു. ഇതോടെയാണ് വിഷയം ഏതു വിധേനെയും തീര്‍പ്പാക്കാന്‍ സിപിഎം സംസ്ഥാന ദേശീയ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതും. ഇതിനൊപ്പം പണം നല്‍കിയില്ലെങ്കില്‍ ബിനോയ് കോടിയേരി ഗള്‍ഫില്‍ ജയിലില്‍ കിടക്കാന്‍ വരെ കാരണമാകുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയതോടെയാണ് എല്ലാവരും ചേര്‍ന്ന് ഒത്തുതീര്‍പ്പിനായുള്ള ദ്രുതഗതിയിലുള്ള ശ്രമം നടത്തിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ