വ്യാഴാഴ്‌ച, ഫെബ്രുവരി 08, 2018
കണ്ണൂര്‍: കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നയാളെന്ന് ആരോപിച്ച് മാനന്തേരിയില്‍ ഇതരസംസ്ഥാന തൊഴിലാളിയ്ക്ക് ക്രൂര മര്‍ദ്ദനം. ഒറീസ സ്വദേശിയാണെന്ന് കരുതുന്നയാളെയാണ് ഇന്ന് ഉച്ചയോടെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തിലാണ് ഇയാളെ കണ്ടതെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സാധനങ്ങളും നാട്ടുകാര്‍ പരിശോധിക്കുന്നുണ്ട്. ഇതിന്റെ വീഡിയോ പിടിച്ച് സോഷ്യല്‍മീഡിയയിലും പ്രചരിപ്പിച്ചിട്ടുണ്ട്. ഇയാളെ പിന്നീട് പൊലീസിന് കൈമാറി. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം നിരപരാധിയായ ട്രാന്‍സ് ജെന്‍ഡറിനേയും, വൃദ്ധനെയും മര്‍ദ്ധിച്ചിരുന്നു.

സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായി അന്വേഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ സംഭവം നടന്നത്. ഇത്തരത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നത് പ്രാകൃതമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സംസ്ഥാനത്ത് കാണാതായ 1774 കുട്ടികളില്‍ 1725 പേരെ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇനി 49 കുട്ടികളെക്കൂടി കണ്ടെത്താനുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് 2017ല്‍ പിടിയിലായ 199 പേരില്‍ 188 പേരും മലയാളികളാണ്. കഴിഞ്ഞ കുറച്ചു നാളുകളായി തട്ടിക്കൊണ്ടു പോകല്‍ പ്രചരണം വ്യാപകമയാതോടെ ക്രൈം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്‍ കര്‍മ്മനിരതമായി പ്രവര്‍ത്തിക്കുന്നുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ