വ്യാഴാഴ്‌ച, ഫെബ്രുവരി 08, 2018
തിരുവനന്തപുരം: കൊച്ചി മെട്രോ സേവനം നടത്തുന്നത് വലിയ നഷ്ടത്തില്‍. മെട്രോയുടെ പ്രതിദിന നഷ്ടം 18 ലക്ഷത്തോളം രൂപയാണ്. അതായത് ഓരോ മാസവും അഞ്ചര കോടി രൂപ. നിയമസഭയിലെ ചോദ്യത്തിനു നല്‍കിയ ഉത്തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കളമശ്ശേരി എം.എല്‍.എ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തിലാണോ നഷ്ടത്തിലാണോ എന്ന് വെളിപ്പെടുത്താമോ എന്ന ചോദ്യത്തിന് പ്രതിദിനം ഏകദേശം 18 ലക്ഷം രൂപയോളം നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

മെട്രോയ്ക്ക് ഇതര വരുമാനം കണ്ടെത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നും ഇതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നുമുള്ള ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി മെട്രോയുടെ തൂണുകളിലും മീഡിയനുകളിലും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള കരാര്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു.

നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിച്ചു വരികയാണെന്നും പ്രോപ്പര്‍ട്ടി ഡെവലപ്പ്‌മെന്റിലൂടെ പാര്‍പ്പിട-വാണിജ്യ സമുച്ചയങ്ങളുടെ നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കുമായി കൊച്ചി മെട്രോ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്മേല്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയില്‍ കാക്കനാടുള്ള 17.315 ഏക്കര്‍ ഭൂമി വിട്ടു നല്‍കുന്നത് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. പ്രതീക്ഷിച്ചത്ര യാത്രക്കാര്‍ ഉണ്ടെങ്കില്‍ പോലും മെട്രോ ലാഭത്തിലാകില്ല. ടിക്കറ്റ് ഇതര വരുമാനമാണ് മെട്രോകളുടെ പ്രധാന വരുമാനമാര്‍ഗ്ഗം.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ