റിലീസിനു മുൻപു പുറത്തിറക്കിയ പാട്ടും വിഡിയോയും ഇസ്‍ലാം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സിനിമയുടെ അണിയറക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. സിനിമയിൽ ഗാനം ഉൾപ്പെടുത്തില്ല, യു ട്യൂബിൽനിന്ന് ഉടൻ നീക്കം ചെയ്യുമെന്നും അണിയറക്കാർ വ്യക്തമാക്കി. പാട്ടുവിവാദവുമായി ബന്ധപ്പെട്ട് ഒമർ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു.
പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നാണ് ആരോപണം. നായിക പ്രിയ പ്രകാശ് വാരിയർക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ ഹൈദരാബാദ് ഫലാക്ക്നുമാ പൊലീസ് സ്റ്റേഷനിലാണു പരാതി കിട്ടിയത്. മാണിക്യമലരായ പൂവി എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപണം. പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്പോൾ അർഥം മാറുന്നുവെന്നും പരാതിയുണ്ട്. ആരോപണത്തിൽ കഴമ്പില്ലെന്നും വർഷങ്ങളായി കേരളത്തിലെ മുസ്‍ലിംകൾ പാടി വരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാർ പറയുന്നത്.
അതേസമയം, പാട്ടിനെ പ്രശംസിച്ചും ആർഎസ്എസിനെ വിമർശിച്ചും ഗുജറാത്തിലെ ദലിത് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനി രംഗത്തെത്തി. ആർഎസ്എസ്സിന്റെ വാലന്റൈൻസ് ദിന വിരുദ്ധതയ്ക്കുള്ള മറുപടിയാണു പാട്ടെന്നു മേവാനി ട്വിറ്ററിൽ കുറിച്ചു. വെറുക്കാനല്ല, സ്നേഹിക്കാനാണു തങ്ങൾക്ക് ഇഷ്ടമെന്ന് ഇന്ത്യക്കാർ ഒരിക്കൽ കൂടി തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ