ചൊവ്വാഴ്ച, ഫെബ്രുവരി 20, 2018
കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികള്‍ തന്നെയെന്ന് പോലീസ്. പിടിയിലായത് ഡമ്മി പ്രതികളല്ല. അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണെന്ന് ഉത്തര മേഖല ഡി.ജി.പി രാജേഷ് ദിവാന്‍ വ്യക്തമാക്കി. കൃത്യം നടത്തിയവരാണ് പിടിയിലായത്. ഗൂഢാലോചന നടത്തിയവര്‍ പിടിയിലാകാനുണ്ടെന്നും രാജേഷ് ദിവാന്‍ പറഞ്ഞു. അന്വേഷണത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

ശുഹൈബ് വധക്കേസിലെ ഗൂഢാലോചന തെളിയിക്കും പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാകില്ല. പ്രതികള്‍ കീഴടങ്ങിയതല്ല, തിരച്ചിലിനിടെ ഓടിരക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും രാജേഷ് ദിവാന്‍ പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനായി ഒരേസമയം 50 വീടുകളില്‍ വരെ തിരച്ചില്‍ നടത്തി. സി.ബി.ഐ അന്വേഷണം ആവശ്യമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം. കേരള പോലീസിനെ വിശ്വാസമില്ലെങ്കില്‍ മറ്റ് സ്ഥലങ്ങളിലെ പോലീസിനെ കേസ് ഏല്‍പ്പിക്കാം. പിടിയിലായവര്‍ ഡമ്മികളല്ല. അതിന്റെ ഉത്തരവാദിത്തം താന്‍ സ്വയം ഏല്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശുഹൈബ് വധക്കേസില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളല്ലെന്ന് ശുഹൈബിന്റെ പിതാവും കോണ്‍ഗ്രസ് നേതാക്കളും സംശയം ഉന്നയിച്ചിരുന്നു. സി.ബി.ഐ അന്വേഷണം വേണമെന്ന് ശുഹൈബിന്റെ പിതാവും കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം വേണ്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് ഡി.ജി.പിയുടെ നിലപാട്. അതിനിടെ പോലീസിലെ ചിലര്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് കണ്ണൂര്‍ എസ്.പി ജി. ശിവവിക്രം ആരോപിച്ചു. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

ശുഹൈബ് വധക്കേസില്‍ സി.പി.എം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് പിടിയിലായത്. ഡി.വൈ.എഫ്.ഐയുടെ രണ്ട് പ്രാദേശിക നേതാക്കളും ഡ്രൈവറും ഇനി പിടിയിലാകാനുണ്ട്. ശുഹൈബിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാല് വെട്ടാനായിരുന്നു ലക്ഷ്യമെന്നും പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രാദേശിക സംഘര്‍ഷങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ