മനില: ദീര്‍ഘ നാളുകളായി അടഞ്ഞുകിടന്നിരുന്ന അപാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ വീട്ടുജോലിക്കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ലബനന്‍ സ്വദേശിയാണ് ഇത്തരത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഫിലിപ്പിന്‍സ് വിദേശകാര്യ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇയാളെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. യുവതിയുടെ സ്‌പോണ്‍സറും ജോലി ചെയ്തിരുന്ന വീട്ടിലെ ഗൃഹനാഥനുമായിരുന്ന ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫാണ് കസ്റ്റഡിയില്‍ ഉള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇയാളെയും ഭാര്യയേയും കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
കഴിഞ്ഞ ആറാം തിയതിയാണ് ജോന്ന ഡനീലയുടെ മൃതദേഹം ലഭിച്ചത്. 2014ല്‍ ഒരു സിറിയന്‍ലെബനീസ് ദമ്പതികള്‍ക്കൊപ്പമാണ് ജോന്ന കുവൈറ്റിലേക്ക് പോയത്. അതിനുശേഷം ഒരിക്കല്‍ പോലും അവള്‍ തിരികെ വന്നിട്ടില്ല. പിന്നീട്, കേള്‍ക്കുന്നത് അവളുടെ മരണവാര്‍ത്തയാണെന്നും കുടുംബം പറഞ്ഞിരുന്നു. കഴുത്ത് ഞെരിച്ചും ദേഹമാസകലം മുറിവേറ്റ നിലയിലുമായിരുന്നു ജോന്നയുടെ മൃതദേഹം കണ്ടെത്തിയത്.
നാദിര്‍ ഇഷാം അസാഫും ഭാര്യയും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നത് കൊലപാതകത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.
എന്നാല്‍ തന്റെ മകന്‍ നിരപരാധിയാണെന്ന് നാദിര്‍ ഇഷാം അസാഫിന്റെ മാതാവ് നേരത്തെ പ്രതികരിച്ചിരുന്നു. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാരി മരുമകള്‍ ആണെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഒരിക്കല്‍ കുവൈത്ത് സന്ദര്‍ശിച്ചപ്പോള്‍ വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍ യുവതിയെ മരുമകള്‍ മര്‍ദിക്കുന്നത് കണ്ടിരുന്നുവെന്നും ഇവര്‍ പ്രതികരിച്ചിരുന്നു. യുവതിയുടെ മുടി വലിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തിരുന്നു. ജോലിക്കാരിയുടെ പ്രവര്‍ത്തിയില്‍ തൃപ്തിയില്ലെങ്കില്‍ അവരെ തിരികെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ഏല്‍പ്പിക്കാന്‍ മരുമകളോട് പറഞ്ഞിരുന്നുവെന്നും അവര്‍ അത് ചെവിക്കൊണ്ടില്ലെന്നും അസാഫിന്റെ മാതാവ് വെളിപ്പെടുത്തിയതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
കുവൈത്തില്‍ ഫിലിപ്പീന്‍ ജോലിക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്തയാണ് ജോന്നയുടെ മരണം. തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തിവച്ചിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ