ശനിയാഴ്‌ച, മാർച്ച് 03, 2018
തിരുവനന്തപുരം: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് ഫലം ഏറെ ഗൗരവത്തോടെ കാണണമെന്ന് വിഎസ് അച്യുതാനന്ദന്‍. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും തയ്യാറെടുക്കേണ്ട സമയമാണിത് എന്ന് ഈ തെരഞ്ഞെടുപ്പ് ഫലം നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് വിഎസ് വ്യക്തമാക്കി.

സംഘപരിവാര്‍ ശക്തികളുടെ ആയുധപ്പുരകള്‍ സമ്പന്നമാണ്.  അവരുടെ തന്ത്രങ്ങള്‍ ഏറെ വഴക്കമുള്ളതാണ്.  അത്തരമൊരു ഫാസിസ്റ്റ് മഹാമാരിയെയാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നമുക്ക് തുരത്തിയെറിയാനുള്ളത്.  അതിനു കഴിയാതെവന്നാല്‍, രാജ്യത്തിന്‍റെ പരമാധികാരവും, സാമ്പത്തിക സുരക്ഷയും, മതനിരപേക്ഷതയും, ജനാധിപത്യവുമാണ് തകര്‍ന്നടിയുക. 

അതിനെതിരായ അന്തിമ പോരാട്ടത്തിലേക്കാണ് ഇന്ത്യന്‍ ഇടതുപക്ഷം നയിക്കപ്പെടുന്നത്. ആ പോരാട്ടം തനിച്ച് നയിക്കാനും ജയിക്കാനുമുള്ള ശക്തി ഇന്ന് ഇടതുപക്ഷത്തിനില്ല എന്നത് വസ്തുതയാണ്.രാഷ്ട്രം ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ അതീവ ഗുരുതരമാണ്.  സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് ഏറെ ദുര്‍ബ്ബലമാണ്.  ബംഗാളും ത്രിപുരയും ഭരിച്ച ഇടതുപക്ഷ പാര്‍ട്ടികളും ഇന്ന് ദുര്‍ബ്ബലമാണ്.  ആ സ്ഥലത്തേക്ക് കടന്നുകയറുന്ന ബിജെപിയാവട്ടെ, ഒരുവശത്ത് ആസുരമായി നവ ഉദാരവല്‍ക്കരണ നടപടികളും മറുവശത്ത് അതിതീവ്ര വര്‍ഗീയ നടപടികളുമായാണ് മുന്നേറുന്നത്. 

കൊന്നും കൊലവിളിച്ചും, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും സ്വന്തക്കാര്‍ക്കും കയ്യേറാന്‍ വിട്ടുകൊടുത്തും, ജുഡീഷ്യറിയെ കയ്യിലെ കളിപ്പാവയാക്കിയും, സാമ്രാജ്യത്വവുമായി സഖ്യമുണ്ടാക്കിയും ദേശീയ തലത്തില്‍ അവര്‍ ശക്തി വര്‍ധിപ്പിക്കുകയാണ്.  ഇത്തരം നടപടികള്‍ക്കാവട്ടെ ഇപ്പോള്‍ തികഞ്ഞ ഫാസിസ്റ്റ് സ്വഭാവം കൈവന്നിരിക്കുന്നു.

മറ്റ് ദേശീയ, പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളും ശിഥിലമാണ്.  അവരെല്ലാം ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ ഇരകളുമാണ്.  അതിനാല്‍ത്തന്നെ, അഴിമതിയും സ്വജനപക്ഷപാതവുമെല്ലാമാണ് അവരില്‍ പലരുടെയും മുഖമുദ്ര.  അത്തരക്കാരുമായി സഖ്യത്തിലേര്‍പ്പെടാനോ, അവരുമായി ചേര്‍ന്ന് ഭരണ മുന്നണിയുണ്ടാക്കാനോ കഴിയില്ല. 

മാത്രവുമല്ല, അത്തരം അഴിമതിക്കാര്‍ക്കെതിരെ അതിശക്തമായ സമരമുഖങ്ങള്‍ തുറന്ന പാര്‍ട്ടിയാണ് സിപിഐ-എം. എന്നാല്‍, അത്തരം ബൂര്‍ഷ്വാ പാര്‍ട്ടികളിലെ മതനിരപേക്ഷ ശക്തികളെ തന്ത്രപരമായി കൂട്ടിയോജിപ്പിച്ച് ഒരു യുദ്ധമുന്നണി തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഘപരിവാര്‍ ഫാസിസത്തെ ഇന്ത്യയില്‍ തറപറ്റിക്കാന്‍ പ്രയാസമായിരിക്കും- വിഎസ് ചൂണ്ടിക്കാട്ടി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ