വ്യാഴാഴ്‌ച, മാർച്ച് 08, 2018
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനായും ടേക്ക് ഓഫ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് പാർവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. 

ഒറ്റമുറി വെളിച്ചം മികച്ച ചിത്രമായും ഇ.മ.യൗ എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പല്ലിശേരിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ടി.വി.ചന്ദ്രൻ, ഡോ.ബിജു, ജെറി അമൽദേവ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന പത്തംഗ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയർ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടു. പോളി വത്സനാണ് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം. ചിത്രം ഇ.മ.യൗ. കിണർ എന്ന ചിത്രത്തിന് കഥയൊരുക്കിയ എം.എ.നിഷാദ് മികച്ച കഥാകൃത്തിനുള്ള പുരസ്കാരം നേടി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയ സജീവ് പാഴൂർ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.

മായാനദി എന്ന ചിത്രത്തിലെ മിഴിയിൽ നിന്നും മിഴിയിലേക്ക് എന്ന ഗാനം ആലപിച്ച ഷഹബാസ് അമൻ മികച്ച ഗായകനായും വിമാനം എന്ന ചിത്രത്തിലെ വാനം അകലുന്നു എന്ന ഗാനം പാടിയ സിതാര കൃഷ്ണകുമാർ മികച്ച ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു. ക്ലിന്‍റ് എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ച പ്രഭാവർമയാണ് മികച്ച ഗാനരചയിതാവ്. ഭയാനകം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം ഒരുക്കിയ എം.കെ.അർജുനൻ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടി. മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരം ടോക്ക് ഓഫ് എന്ന ചിത്രത്തിനാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി പശ്ചാത്തലസംഗീതം ഒരുക്കിയത്. ഏദൻ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടി.

ഇത്തവണ 80 ശതമാനത്തോളം പുരസ്കാരങ്ങളും നവാഗതർ സ്വന്തമാക്കി എന്ന പ്രത്യേകതയുമുണ്ട്. 37 അ​വാ​ർ​ഡു​ക​ളി​ൽ 28 എ​ണ്ണ​വും ന​വാ​ഗ​ത​രാണ് കരസ്ഥമാക്കിയത്. ടി.വി ചന്ദ്രൻ അധ്യക്ഷനായ ജൂറിക്ക് മുന്നിൽ 110 ചിത്രങ്ങളാണ് പുരസ്കാരത്തിനായി വന്നത്. ചുരുക്കപ്പട്ടികയിൽ എത്തിയ 23 ചിത്രങ്ങൾ ജൂറി അംഗങ്ങൾ ഒരുമിച്ചിരുന്ന് കണ്ടാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. സിനിമളിൽ ഭൂരിഭാഗത്തിന്‍റെയും നിലവാരം മോശമായിരുന്നുവെന്നും സിനിമ എന്ന മാധ്യമത്തെ ഗൗരവായി സമീപിക്കാത്തവരുടെ ചിത്രങ്ങളാണ് അവാർഡിനായി എത്തിയിരുന്നതും ജൂറി വിലയിരുത്തി.

മറ്റ് പുരസ്കാരങ്ങൾ

മി​ക​ച്ച ബാ​ല​താ​രം (ആൺകുട്ടി)- മാ​സ്റ്റ​ര്‍ അ​ഭി​ന​ന്ദ്

മികച്ച ബാലതാരം (പെൺകുട്ടി)- നക്ഷത്ര

മി​ക​ച്ച ക​ലാ​സം​വി​ധാ​യ​ക​ൻ- സ​ന്തോ​ഷ് രാ​മ​ൻ

മികച്ച ജനപ്രിയ ചിത്രം- രക്ഷാധികാരി ബൈജു

മികച്ച എഡിറ്റർ- അപ്പു ഭട്ടതിരി

മികച്ച ശബ്‌ദമിശ്രണം- പ്രമോദ് തോമസ് (ഏദൻ)

മികച്ച കുട്ടികളുടെ ചിത്രം- സ്വനം

മികച്ച നവാഗത സംവിധായകൻ- മഹേഷ് നാരായണൻ (ടേക്ക് ഓഫ്)

മികച്ച മേക്കപ്പ്- രഞ്ജിത്ത് അന്പാടി (ടേക്ക് ഓഫ്)

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ