വ്യാഴാഴ്‌ച, മാർച്ച് 08, 2018
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ശീതളപാനീയ കമ്പനിയായ കൊക്കോ കോളാ ലഹരി പാനീയം വിപണിയിലിറക്കാൻ തയ്യാറെടുക്കുന്നു. തുടക്കത്തിൽ ജപ്പാൻ കേന്ദ്രീകരിച്ചാണ് കമ്പനി ആദ്യത്തെ ലഹരി പാനീയം വിപണിയിലിറക്കാൻ ഒരുങ്ങുന്നത്. 125 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കൊക്കോ കോള ലഹരി പാനീയം നിർമ്മിക്കാൻ രംഗത്തിറങ്ങുന്നത്.

ജപ്പാനിൽ നിലവിൽ ലഭ്യമായിട്ടുള്ള 'ചു ഹി' എന്ന പാനീയത്തിന് സമാനമായാണ് കോളയുടെ ലഹരി പാനീയം പുറത്തിറക്കുകയെന്ന് കൊക്കോ കോളയുടെ ജപ്പാൻ പ്രസിഡന്റ് ‌ജോ‌ർജ് ഗാർഡുനോ പറഞ്ഞു. ജപ്പാന്റെ പരമ്പരാഗത പാനീയമായ 'ചു ഹി'യിൽ 'ഷോചു' എന്നറിയപ്പെടുന്ന മദ്യമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ഇതിനൊപ്പം കാർബൺ ഡൈ ഓക്‌സൈഡ് കലർത്തിയ വെള്ളം, പഴങ്ങളുടെ ഫ്ലേവറുകൾ തുടങ്ങിയവയൊക്കെയാണ് അടങ്ങിയിരിക്കുന്നത്. ലഹരിക്കായി 'ഷോചു'വിനു പകരം വോഡ്കയും ഉപയോഗിക്കാറുണ്ട്.

നിലവിൽ കോള പുറത്തിറക്കുന്നത് പോലെ ടിന്നിലാണ് പാനീയം വിപണിയിലെത്തുക. നിലവിലെ ഉൽപന്നങ്ങളിൽ നിന്നും വ്യത്യസ്തമായി പുതിയ സാധ്യതകൾ കണ്ടെത്താനുള്ള ശ്രമമാണ് കമ്പനി നടത്തുന്നതെന്ന് ജോർജ് ഗാർഡുനോ പറഞ്ഞു. മുന്തിരി, സ്‌ട്രോബറി, കിവി, പീച്ച് എന്നീ ഫ്ലേവറുകളിൽ എത്തുന്ന പാനീയത്തിൽ മൂന്ന് മുതൽ ഒൻപത് ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിരിക്കും. ഉൽപന്ന വൈവിധ്യവൽകരണത്തിന്റെ ഭാഗമായി 1970ൽ കൊക്കോ കോള വൈൻ നിർമാണ രംഗത്തേക്ക് പ്രവേശിച്ചെങ്കിലും പിന്നീട് അതിൽനിന്ന് പിൻതിരിയുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ