നിലമ്പൂർ: കോഴിക്കോട് കക്കാടം പൊയിലിൽ പി.വി അൻവർ എം.എൽ.എ വാട്ടർ തീം പാർക്ക് നിർമ്മിച്ചത് അനധികൃതമായിട്ടാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. പാർക്കിലെ കെട്ടിടം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തിയ എം.എൽ.എയ്ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിടങ്ങൾ ഉടനെ പൊളിച്ചുമാറ്റണമെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
വാട്ടർ തീം പാർക്ക് പ്രവർത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ല. പാർക്ക് നിർമ്മാണത്തിൽ അംഗീകരിച്ച പ്ലാനിൽ വ്യത്യാസമുണ്ടായതായും കളക്ടർ കണ്ടെത്തി. പാർക്കിനോട് ചേർന്ന് അൻവറിന്റെ പേരിൽ അനധികൃത ഭൂമിയുണ്ടെന്നും കളക്ടർ സ്ഥിരീകരിച്ചു. നിയമലംഘനങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്താൻ ലാന്റ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
സമുദ്ര നിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ സ്ഥിതി ചെയ്യുന്ന കക്കാടം പൊയിൽ പരിസ്ഥിതി ലോല പ്രദേശമാണ്. ഇവിടുത്തെ കുന്നുകൾ ഇടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമ്മിച്ചതെന്നായിരുന്നു പ.വി അൻവർ നേരിട്ട ആരോപണം.
പഞ്ചായത്ത് അനുമതി നൽകുന്നതിന് മുമ്പേ പാർക്ക് ഇവിടെ പ്രവർത്തനം തുടങ്ങിയിരുന്നു. പിന്നീട് ആരോപണം ഉയർന്നപ്പോൾ പാർക്കിന് പഞ്ചായത്ത് പിഴ നൽകുകയായിരുന്നു. കക്കാടംപൊയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോടെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.
0 Comments