![]() |
പ്രതികളിലൊരാളെ കോടതിയിലേക്ക് കൊണ്ടുപോകുന്നു |
കേസില്‍ രണ്ടു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഹിന്ദു-മുസ്ലീം വര്‍ഗീയ പ്രശ്‌നമായി കേസ് നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് രണ്ടു വിഭാഗത്തിലും ഉള്‍പ്പെടാത്ത സിഖ് മതസ്ഥരെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി നിയോഗിച്ചിരിക്കുന്നത്.
തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയര്‍ ടേക്കറാണ് മുഖ്യ ആസൂത്രകന്‍. സഞ്ജി റാം, ഇയാളുടെ ബന്ധു, പോലീസുദ്യോഗസ്ഥനായ ദീപക് ഖജൗരിയ, സുരേന്ദര്‍ വെര്‍മ, പര്‍വേഷ് കുമാര്‍, വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാകാത്തയാള്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് കോണ്‍സ്റ്റബിളായ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദുത്ത എന്നിവരേയും പ്രതികളാക്കിയിട്ടുണ്ട്.
അതേസമയം, കേസിന്റെ വിചാരണ കത്വവയില്‍ നിന്ന് ചണ്ഡിഗഡിലേക്കു മാറ്റി നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുമെന്ന് ഭയക്കുന്നതായും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. തനിക്കും കുടുംബത്തിനും കേസില്‍ ഹാജരാകുന്ന അഭിഭാഷകയ്ക്കും സംരക്ഷണം ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ പരസ്യമായി പിന്തുണച്ച് ബി.ജെ.പി മന്ത്രിമാര്‍ രംഗത്ത് വന്നിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് കശ്മീരില്‍ നടന്ന പ്രകടനത്തില്‍ ബി.ജെ.പി മന്ത്രിമാരായ ചന്ദര്‍ പ്രകാശ് ഗംഗ, ചൗധര്‍ ലാല്‍ സിംഗ് എന്നിവര്‍ പങ്കെടുത്തിരുന്നു. സംഭവം വിവാദമായപ്പോള്‍ ഇവര്‍ സ്ഥാനം രാജിവച്ചു. പാര്‍ട്ടി പറഞ്ഞിട്ടാണ് പ്രതികളെ പിന്തുണച്ചതെന്ന് ചന്ദര്‍ പ്രകാശ് ഗംഗ വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മ്മ പറഞ്ഞിട്ടാണ് തങ്ങള്‍ റാലിയില്‍ പങ്കെടുത്തതെന്ന് ചന്ദര്‍ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജ്യത്തെ ഞെട്ടിച്ച പീഡനം നടന്നത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.
0 Comments