മലപ്പുറത്ത് വന്‍ പോലീസ് പട; സര്‍വ്വെക്കിടെ വീണ്ടും സംഘര്‍ഷം, മതില്‍ചാടി ഉദ്യോഗസ്ഥര്‍!!

മലപ്പുറത്ത് വന്‍ പോലീസ് പട; സര്‍വ്വെക്കിടെ വീണ്ടും സംഘര്‍ഷം, മതില്‍ചാടി ഉദ്യോഗസ്ഥര്‍!!

മലപ്പുറം: ദേശീയ പാത വികസനത്തിനുള്ള ഭൂമിയേറ്റെടുക്കല്‍ സര്‍വേക്കിടെ തുടര്‍ച്ചയായ രണ്ടാംദിവസവും സംഘര്‍ഷം. പോലീസ് ലാത്തി വീശി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സര്‍വേ നടക്കുന്ന പ്രദേശങ്ങളില്‍ പോലീസുകാരെ വന്‍തോതില്‍ ഇറക്കിയിരിക്കുകയാണ്. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തവരെ റിമാന്റ് ചെയ്തു. ഇതില്‍ സിപിഎം പ്രാദേശിക നേതാവും ഉള്‍പ്പെടും. വെള്ളിയാഴ്ച പല മേഖലകളില്‍ വ്യാപക സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ചയും സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ചത്തെ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ പോലീസിന്റെ അകമ്പടിയോടെയാണ് സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥരെത്തിയത്. സര്‍വെക്കെതിര് നില്‍ക്കുന്നവര്‍ തീവ്രവാദികളാണെന്ന് കഴിഞ്ഞദിവസം സിപിഎം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ സിപിഎമ്മിനെതിരെ ചോദ്യശരങ്ങള്‍ ഉയരുന്നത്. മലപ്പുറത്ത് നിന്നുള്ള വിവരങ്ങള്‍ ഇങ്ങനെ...

പടിക്കലില്‍ സംഘര്‍ഷം
മൂന്നിയൂര്‍ പഞ്ചായത്തിലെ പടിക്കലിലാണ് ശനിയാഴ്ച സംഘര്‍ഷമുണ്ടായത്. സര്‍വ്വെക്കെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. സ്ത്രീയുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു. അബ്ദുല്‍ അസീസിന്റെ ഭാര്യ ഹഫ്‌സത്തിനാണ് ലാത്തിയടിക്കിടെ പരിക്കേറ്റത്. സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു. എന്നാല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എസ്പിയും കളക്ടറും അവധിയിലിരിക്കെയാണ് സര്‍വേ തുടങ്ങിയതും വ്യാപക സംഘഷമുണ്ടായതും. വന്‍ പോലീസ് സംഘത്തെ ഇറക്കിയ ശേഷമാണ് സര്‍വേ തുടരുന്നത്.

രാജ്യദ്രോഹികളും തീവ്രവാദികളും
മലപ്പുറത്ത് സര്‍വേ നടപടികള്‍ തടയുന്നത് രാജ്യദ്രോഹികളാണെന്നാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ആരോപിച്ചത്. സര്‍വ്വെക്കെതിരേ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവനും കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സിപിഎം എആര്‍ നഗര്‍ പഞ്ചായത്ത് അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ കെപി ഷമീറിനെ പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷമീര്‍ തീവ്രവാദിയും രാജ്യദ്രോഹിയുമാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. വെള്ളിയാഴ്ച അറസ്റ്റിലായാ 13 പേരില്‍ ഒരാളാണ് ഷമീര്‍. ഇദ്ദേഹമുള്‍പ്പെടെയുള്ളവരെ കോടതി റിമാന്റ് ചെയ്തു.

പ്രദേശത്ത് ഭീകര അന്തരീക്ഷം
തലപ്പാറയിലും ചേളാരിയിലും സര്‍വേ നടപടികള്‍ ആരംഭിച്ചതോടെ പ്രദേശത്ത് ഭീകര അന്തരീക്ഷമാണ്. മേഖലയില്‍ മൊത്തമായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. വെളിമുക്ക് ഭാഗത്ത് വീടിന്റെ ഗേറ്റ് അടച്ചതിനെ തുടര്‍ന്ന് പോലീസുകാരും സര്‍വേ ഉദ്യോഗസ്ഥരും മതില്‍ ചാടിക്കടന്നാണ് അകത്തെത്തിയത്. പലയിടങ്ങളിലും പോലീസുമായി ജനങ്ങള്‍ വാക്കേറ്റമുണ്ടായി. മതിയായ നഷ്ടപരിഹാരം നല്‍കാതെ സര്‍വേ നടത്തരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളിയാഴ്ച പോലീസ് നടപടിക്കിടെ കുഴഞ്ഞുവീണ റിഫ്‌ന റസ്മിയ എന്ന കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പോലീസ് വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതാണ് വെള്ളിയാഴ്ച സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയത്.

സര്‍വകക്ഷി യോഗത്തിന് മുമ്പ്
ഈ മാസം 11ന് സര്‍വകക്ഷി യോഗം വിളിക്കാന്‍ നേരത്തെ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിന് മുമ്പ് സര്‍വേ ആരംഭിച്ചതാണ് വിവാദത്തിന് കാരണം. എന്നാല്‍ ജനപ്രതിനിധികളുടെ പ്രതികരണം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് തങ്ങള്‍ സര്‍വേ തുടങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. വെള്ളിയാഴ്ച വന്‍ സംഘര്‍ഷമുണ്ടായ എആര്‍ നഗര്‍ അരീത്തോട് ഇന്ന് സ്ഥിതിഗതികള്‍ ശാന്തമാണ്. സര്‍വകക്ഷി യോഗത്തില്‍ ഈ മേഖലയിലെ സര്‍വേ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. സര്‍വേ നാല് യൂണിറ്റുകളായി ഇന്ന് പുരോഗമിക്കുകയാണ്. തടഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.


അമ്പലവും പള്ളിയും
എആര്‍ നഗര്‍ പഞ്ചായത്തിലെ ഒന്നേകാല്‍ കിലോമീറ്ററിനിടയിലുള്ള 32 വീടുകള്‍ സര്‍വേയുടെ പരിധിയില്‍ വരും. ഈ വീടുകള്‍ പൊളിച്ചുമാറ്റേണ്ട സാഹചര്യം ഒഴിവാക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഈ വീടുകള്‍ നില്‍ക്കുന്ന ഭാഗം ഒഴിവാക്കി സര്‍വേ നടത്തിയാല്‍ ചില അമ്പലങ്ങളും പള്ളികളും പൊളിക്കേണ്ടി വരും. അങ്ങനെ ഒരു അലൈന്‍മെന്റും പരിഗണനയിലുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ജനപ്രതിനിധികളോട് പ്രതികരണം തേടിയിരുന്നു. അവര്‍ പ്രതികരിക്കാതെ വന്നതോടെയാണ് തങ്ങള്‍ സര്‍വേ ആരംഭിച്ചതെന്ന് ജില്ലാ ഭരണകൂടം പറയുന്നു. എന്നാല്‍ 11ന് യോഗം തീരുമാനിച്ചിരിക്കെ തിടുക്കത്തില്‍ സര്‍വേ ആരംഭിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ജനപ്രതിനിധികള്‍ ആരോപിച്ചു.

സമ്മതിക്കില്ലെന്ന് നാട്ടുകാര്‍
എആര്‍ നഗര്‍ പഞ്ചായത്തിലെ വീടുകള്‍ നഷ്ടപ്പെടുന്ന കാര്യം നേരത്തെ വിവാദമായിരുന്നു. ഈ വിഷയം നിയമസഭയിലും ചര്‍ച്ചയായി. തുടര്‍ന്ന് വകുപ്പ് മന്ത്രി ജി സുധാകരന്‍ തന്നെയാണ് സഭയില്‍ റീ അലൈന്‍മെന്റ് സംബന്ധിച്ച പറഞ്ഞത്. പള്ളിയും അമ്പലവും പൊളിക്കാന്‍ തയ്യാറായാല്‍ വീടുകള്‍ ഒഴിവാക്കി സര്‍വേ നടത്താന്‍ സാധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഇതുസംബന്ധിച്ച് ജില്ലയിലെ ദേശീയ പാത കടന്നുപോകുന്ന പ്രദേശത്തെ ജനപ്രതിനിധികളോട് തിരക്കിയിരുന്നുവെന്ന് ജില്ലാ ഭരണകൂടം പറയുന്നു. പ്രതികരണം ഇല്ലാതെ വന്നതോടെയാണ് പഴയ അലൈന്‍മെന്റ് പ്രകാരം സര്‍വേ തുടങ്ങിയത്. അതോടെയാണ് സംഘര്‍ഷമുണ്ടായതും. ജനവാസ കേന്ദ്രത്തിലൂടെയുള്ള സര്‍വേ നടത്താന്‍ സമ്മതിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

Post a Comment

0 Comments