പെരുന്നാളിന് പുത്തനുടുപ്പ് പദ്ധതിയുമായി ഗ്രീന്‍ സ്റ്റാര്‍ പാലായി

പെരുന്നാളിന് പുത്തനുടുപ്പ് പദ്ധതിയുമായി ഗ്രീന്‍ സ്റ്റാര്‍ പാലായി

കാഞ്ഞങ്ങാട്: നിര്‍ധന കുടുംബത്തിലെ കുഞ്ഞുങ്ങളുടെ മുഖത്ത് ശവ്വാലിന്‍ പൊന്നമ്പിളി ദര്‍ശിക്കാനുറച്ച് ഗ്രീന്‍ സ്റ്റാര്‍ പാലായിപ്രവര്‍ത്തകര്‍ വീണ്ടും രംഗത്ത്. ഈവര്‍ഷം ചെറിയ പെരുന്നാളിനുള്ള പുത്തനുടുപ്പ് പദ്ധതി ജില്ലയിലും പുറത്തും വിപുലമായാണ് നടത്തിവരുന്നത്. ഇതിനകം ഇരുപതില്‍പരം രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകള്‍ ഗ്രീന്‍ സ്റ്റാര്‍ പാലായിയുമായി കൈകോര്‍ത്ത് കൊണ്ടാണ് റമസാനിന്റെ ആരംഭത്തില്‍ കാരുണ്യപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ജാതി- മതഭേദമന്യേ സഹായ മനസ്‌ക്കരായ നിരവധിയാളുകളും സ്ഥാപനങ്ങളും ഗള്‍ഫു പ്രവാസികളില്‍ നിന്നും മറ്റുമായി ഏതാനും പേരും പുത്തനുടുപ്പ് പദ്ധതിയുമായി സഹകരിച്ചിട്ടുണ്ടെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.
പാലക്കാട് ജില്ലയില്‍ നിന്നും തങ്ങളുടെ പദ്ധതിയുടെ വിവരം അറിഞ്ഞ് അമ്പതില്‍പരം പാന്റ്‌സുകള്‍ സഹായ മനസ്‌ക്കരായ ചിലര്‍ അയച്ചു തന്നതായും ഇത്തരം ആളുകളുടെ അകമഴിഞ്ഞ സഹകരണമാണ് ഈ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്കുള്ള ഊര്‍ജമെന്നും ക്ലബ് ഭാരവാഹികള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം കാസര്‍കോട് ജില്ലയിലെ മലയോര- തീരദേശ പഞ്ചായത്തുകളിലും മംഗലാപുരത്തുമായി 469കുട്ടികള്‍ക്കാണ് പെരുന്നാളിനുള്ള പുത്തനുടുപ്പുകള്‍ കൈമാറിയത്. ഇത്തവണ എന്‍ഡോസള്‍ഫാന്‍ നിരയായി ദുരിതമനുഭവിക്കുന്നവരും ഭിന്നശേഷിക്കാരും അനാഥരും കാഴ്ചശക്തിയില്ലാത്തവരുമായ കുട്ടികള്‍ക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്തു. നിര്‍ധനരായ ആളുകള്‍ താമസിക്കുന്ന ജില്ലയിലെ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കോടോം- ബേളൂര്‍, മടിക്കൈ, എന്‍മകജെ പഞ്ചായത്തുകളിലെ നിരവധി മേഖലകള്‍ ഏറ്റെടുത്ത് വസ്ത്ര വിതരണം നടത്തിക്കൊണ്ടിരിക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ ഇരയായ കുട്ടികള്‍ പഠിക്കുന്ന മുളിയാറിലെ ബഡ്‌സ് സ്‌കൂളിലെ 42 കുട്ടികള്‍ക്കുള്ള പുത്തനുടുപ്പുകള്‍ ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു, മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന് കൈമാറി. ക്ലബ് പ്രസിഡണ്ട് സിറാജ് പാലക്കി, സെക്രട്ടറി കെ.എ റഊഫ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഖുല്‍ബുദ്ദീന്‍ പാലായി, ഷുഹൈല്‍ അബ്ദുല്ല, ഖലീല്‍ ആവിക്കല്‍, മുഹമ്മദ് മിദ്‌ലാജ്, അഹമ്മദ് ഫവാസ് സംബന്ധിച്ചു.

Post a Comment

0 Comments