യുദ്ധമുഖത്തെ മാലാഖ റസാന്‍ അല്‍ നജറിന് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി

യുദ്ധമുഖത്തെ മാലാഖ റസാന്‍ അല്‍ നജറിന് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി

ഗാസ: ഗാസയില്‍ ഇസ്രായേല്‍ വെടിവെയ്പിനിരയായ പലസ്തീന്‍ പെണ്‍കുട്ടി റസാന്‍ അല്‍ നജാറിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് എത്തിയത് ആയിരങ്ങള്‍. ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയുണ്ടകള്‍ക്കിരയായ ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടിയെ അവസാനമായി കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
വെള്ളിയാഴ്ച യൂനിസ് പട്ടണത്തില്‍ പ്രക്ഷോഭകരും ഇസ്രായേലിന്റെ സൈനികരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ പരുക്കേറ്റ യുവാവിനെ രക്ഷിക്കാനായി അതിര്‍ത്തിയിലെത്തിയപ്പോഴാണ് റസാന്‍ അല്‍ നജാറിന് വെടിയേറ്റത്.

പാരാമെഡിക്കല്‍ വൊളണ്ടിയറായിരുന്ന റസാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ പരുക്കേറ്റ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെയാണ് സൈനികരുടെ തോക്കിനിരയായത്. ഇതോടെ ഗാസാ മുനമ്പില്‍ കഴിഞ്ഞ മാര്‍ച്ച് മുപ്പതിനാരംഭിച്ച വാരാന്ത്യ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം നൂറിലധികമായി.

നഴ്‌സിനുള്ള വെള്ള യൂണിഫോം അണിഞ്ഞിരുന്ന റസാന്‍ കൈകള്‍ ഉയര്‍ത്തി വീശി താന്‍ നഴ്‌സാണെന്ന് അറിയിച്ചുവെങ്കിലും ഫലമുണ്ടായില്ല. നെഞ്ചില്‍ത്തന്നെ ഇസ്രായേല്‍ സൈന്യം നിറയൊഴിച്ചു. ധീരയും കാരുണ്യത്തിന്റെ മാലാഖയുമായ നജറിന്റെ ഓര്‍മ്മകള്‍ അവളുടെ ഘാതകരുടെ കാലത്തിനപ്പുറവും നിലനില്‍ക്കുമെന്നായിരുന്നു പലസ്തീന്റെ പ്രതികരണം.

അതിനിടെ അധിനവേശ വെസ്റ്റ്ബംഗിലെ ഹെബ്രോണ്‍ നഗരത്തില്‍ ഇസ്രായേല്‍ സൈനികന്റെ വെടിയേറ്റ് പലസ്തീന്‍ പൗരനായ ബൗത്തുമര്‍ കൊല്ലപ്പെട്ടു. സൈനികോഫീസര്‍ക്ക് നേരെ ട്രാക്ടര്‍ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചു എന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം. വെള്ളിയാഴ്ച നടന്ന പ്രക്ഷോഭത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആയിരക്കണക്കിനു വരുന്ന പ്രക്ഷോഭകരെ പിരിച്ചയക്കാന്‍ ഗാസാ അതിര്‍ത്തിയില്‍ അഞ്ചിടത്ത് സൈന്യം ബലം പ്രയോഗിച്ചതായി ഇസ്രായേല്‍ വ്യക്തമാക്കി. എന്നാല്‍ ഇസ്രായേല്‍ ഭാഗത്ത് ആളപയാമോ പരുക്കോ ഇല്ല. നേഴ്‌സ് കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുമെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ച് പതിനായിരക്കണക്കിന് പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്.

Post a Comment

0 Comments