കാഞ്ഞങ്ങാട്: മറ്റാര്‍ക്കും ലഭിക്കാത്ത ഗാനഗന്ധര്‍വ്വന്റെ ശബ്ദമാധുര്യവുമായി ചാനല്‍ ഷോയില്‍ പാടാനെത്തിയ രതീഷ് ജില്ലക്കഭിമാനമായി. ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവത്തില്‍ കാണികളേയും വിധികര്‍ത്താക്കളേയും ഒരു പോലെ അത്ഭുതപ്പെടുത്തി ഒടയംചാല്‍ ചക്കിട്ടടുക്കം സ്വദേശി രതീഷാണ് സംഗീത ലോകത്ത് പുതിയ വാഗ്ദാനമായി എത്തിയിരിക്കുന്നത്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ശബ്ദവുമായി ഏറെ സാമ്യമുള്ള സ്വരമാധുരിയാണ് രതീഷിനെ അനുഗ്രഹീതനാക്കുന്നത്. സംഗീതം ശാസ്ത്രീയമായൊന്നും അഭ്യസിച്ചിട്ടില്ലാത്ത രതീഷ് പാടുമ്പോള്‍ ഒരു ഇരുത്തം വന്ന ഗായകനെപ്പോലെയാണ്. പരപ്പയില്‍ ടയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന രതീഷ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഓഡിഷന്‍ ടെസ്റ്റില്‍ പങ്കെടുത്തത്. യേശുദാസിന്റെ ശബ്ദസാമ്യമുള്ള രതീഷിന്റെ പാട്ടുകള്‍ നേരത്തെ തന്നെ യു ട്യൂബില്‍ വൈറലായിരുന്നു. വൈറലായ വീഡിയോ എന്ന പേരില്‍ തന്നെയാണ് ചാനല്‍ അവതാരകന്‍ മിഥുനും രതീഷിനെ വിശേഷിപ്പിച്ചത്.
യേശുദാസ് എന്ന ഗായകന്റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞുവെന്നത് നമ്മുടെ ഭാഗ്യമാണെങ്കില്‍ അതേ ശബ്ദത്തില്‍ പാടാന്‍ കഴിയുകയെന്നത് മഹാഭാഗ്യമെന്നാണ് വിധികര്‍ത്താക്കളില്‍ ഒരാളായ നടനും മിമിക്രി താരവുമായ കലാഭവന്‍ പ്രജോദ് അഭിപ്രായപ്പെട്ടു.
ദാസേട്ടന്‍ തന്നെയാണ് ഇതിന്റെ വിധി നിര്‍ണ്ണയിക്കേണ്ടതെന്ന് നടന്‍ ബിജുക്കുട്ടനും അഭിപ്രായപ്പെട്ടു. കുറി വരച്ചാലും കുരിശു വരച്ചാലും എന്നാ ഗാനമാണ് രതീഷ് ആദ്യം പാടിയത്.
പിന്നീട് അമരത്തിലെ വികാര നൗകയുമായ്... എന്ന ഗാനവും പിന്നീട് കണ്ടിട്ടും... കണ്ടിട്ടും എന്ന വില്ലനിലെ പാട്ടും പാടാന്‍ തുടങ്ങിയപ്പോള്‍ സദസ്സ് ഇളകി മറിഞ്ഞു. കാഞ്ഞങ്ങാട്ടെ ദേവഗീതം സംഗീത ട്രൂ പ്പ് അംഗമാണ് രതീഷ്.
രോഗികളെ സഹായിക്കുന്നതിന് ഗാനമേളകള്‍ നടത്തി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുകയാണ് ഈ ട്രൂപ്പ്.

0 Comments