വ്യാഴാഴ്‌ച, ജൂൺ 07, 2018
ഇന്ത്യന്‍ ക്ലബുകളുമായി സഹകരണത്തിന് ചര്‍ച്ച നടത്തി ജര്‍മ്മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോട്ട്മുണ്ട്. ബംഗളൂരു എഫ്‌സി, എഫ്‌സി ഗോവ തുടങ്ങിയ ഐഎസ്എല്‍ ക്ലബുകളും ആയിട്ടാണ് ബൊറൂസിയ ഡോട്ട്മുണ്ട് പ്രഥമിക ചര്‍ച്ചകള്‍ ആരംഭിച്ചത്. ബൊറൂസിയ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ക്രെയ്മര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതെസമയം ഇന്ത്യയിലെ ഏതെങ്കിലും ക്ലബുമായി സഹകരിക്കാമെന്ന തീരുമാനിച്ചിട്ടില്ലെന്നും അതിനെകുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണെന്നും ക്രെയ്മര്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഫുട്ബോളിന്റെ വളര്‍ച്ച തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും അടുത്ത രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ ഡോര്‍ട്ട്മുണ്ടിന്റെ സാന്നിധ്യമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തു മുഴുവന്‍ ഫുട്ബോള്‍ അക്കാദമികളെ നിരീക്ഷിക്കുകയും അവിടുത്തെ ക്ലബുകളിലെ മികച്ച താരങ്ങളെ വളര്‍ത്തി കൊണ്ടു വരികയും ചെയ്യുന്ന ക്ലബാണ് ഡോര്‍ട്മുണ്ട്. അര്‍മേനിയുടെ മിഖിറ്റാരിയന്‍, അമേരിക്കയുടെ പുലിസിച്ച്, ജപ്പാന്റെ കഗാവ എന്നിവരെല്ലാം ഇതിന്റെ ചെറിയ ഉദാഹരണങ്ങളാണ്.

ഇന്ത്യയില്‍ ഡോര്‍ട്മുണ്ട് തങ്ങളുടെ പ്രവര്‍ത്തന മേഖല വികസിപ്പിച്ചാല്‍ അതിന്റെ ഗുണം എന്തായാലും ഇന്ത്യന്‍ താരങ്ങള്‍ക്കുണ്ടാകും. മാത്രമല്ല, ഐഎസ്എല്‍ ടൂര്‍ണമെന്റിന് ആഗോള പ്രശസ്തി കിട്ടാനും ഇത് സഹായകമാവും എന്നുറപ്പാണ്.

ബൊറൂസിയ്യുടെ ഇന്ത്യയിലേക്കുളള വരവ് മലയാളികളുടെ പ്രിയക്ലബ് കേരള ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാകുമെന്ന് ഉറപ്പ്. ഇന്ത്യയില്‍ യഥാര്‍ത്ഥ മഞ്ഞപ്പടയാരെന്ന പോരാട്ടത്തിനാകും അത് കളമൊരുക്കുക. നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സുമായും ഡോട്ട്മുണ്ട് ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ