താരത്തിന്റെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസ് ഉള്‍പ്പെടെയാണ് ഈ തുക റയല്‍ മാഡ്രിഡ് റൊണാള്‍ഡോക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. 25 ദശലക്ഷം വേതനമായും ബാക്കി തുക ബോണസ് അടിസ്ഥാനത്തിലും നല്‍കാമെന്നാണ് റയലിന്റെ ഓഫര്‍. സ്പാനിഷ് മാധ്യമം എഎസാണ് റൊണാള്‍ഡോക്ക് റയല്‍ വാഗ്ദാനം ചെയ്ത പുതിയ കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.
അതേ സമയം റയലിന്റെ പുതിയ വാഗ്ദാനം റൊണാള്‍ഡോ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. വേതന വര്‍ദ്ധനവ് ലഭിച്ചെങ്കിലും മെസിക്കും നെയ്മര്‍ക്കും ലഭിക്കുന്ന വേതനത്തിന്റെ എട്ടു ദശലക്ഷത്തോളം കുറവാണ് റൊണാള്‍ഡോക്ക് പുതിയ കരാറില്‍ ലഭിക്കുന്നത്. തനിക്ക് മെസിക്കും നെയ്മര്‍ക്കും ലഭിക്കുന്നതിന് തതുല്യമായ വേതനം നല്‍കണമെന്നാണ് റൊണാള്‍ഡോ കഴിഞ്ഞ സീസണിന്റെ പകുതി മുതല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ടു വര്‍ഷത്തേക്കു കൂടി റയലുമായി കരാറുള്ള താരത്തിന്റെ ആവശ്യം സ്പാനിഷ് ക്ലബ് പരിഗണിച്ചിട്ടില്ലായിരുന്നു.
40 ദശലക്ഷം യൂറോയോളമാണ് മെസിക്ക് ബാഴ്‌സലോണ ബോണസ് ഉള്‍പ്പെടെ നല്‍കുന്ന വേതനം. ഇതിനോടു തുല്യമായ വേതനം ലഭിക്കാത്തതിനാലാണ് താരം റയല്‍ വിടുകയാണെന്ന് ഇടക്കിടക്ക് ഭീഷണി മുഴക്കുന്നതെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ കരാറിനു റൊണാള്‍ഡോ സമ്മതം മൂളിയില്ലെങ്കില്‍ കിരീടനേട്ടങ്ങള്‍ക്കനുസരിച്ച് ബോണസ് അധികം നല്‍കാമെന്നൊരു ഓഫര്‍ കൂടി റയല്‍ പരിഗണിക്കുന്നുണ്ടെന്ന് സ്പാനിഷ് മാധ്യമ പ്രവര്‍ത്തകന്‍ മണോലി ലിമ റിപ്പോര്‍ട്ടു ചെയ്യുന്നു. അതിനിടയില്‍ താരത്തെ നല്‍കിയാണ് നെയ്മറെ റയല്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ