കട്ടിപ്പാറയിൽ നാല് വീടുകൾ പൂർണമായും ഒലിച്ചു പോയിട്ടുണ്ട്. മണ്ണിടിഞ്ഞതിനെ തുടർന്ന് വയനാട് ചുരത്തിലെ ഗതാഗതവും റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് താമരശ്ശേരി വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. വയനാട് പൊഴുതന ആറാം മയിലിൽ മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ മൂന്നു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.
കോഴിക്കോട് ജില്ലയിലെ കക്കയം, മങ്കയം, പുല്ലൂരാംപാറ, ഈങ്ങാപ്പാറ, കട്ടിപ്പാറ എന്നിവടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. തൃശൂരിൽ നിന്നുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ 50 അംഗ ബറ്റാലിയൻ ഇന്ന് കോഴിക്കോട്ടെത്തും. ജില്ലാ കലക്ടർ യു.വി ജോസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് സേന എത്തുന്നത്. ഉരുൾപൊട്ടലും വെള്ളപൊക്കവും മലവെള്ളപാച്ചിലുമുണ്ടായ മേഖലകളിൽ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
മലപ്പുറം എവടണ്ണയിൽ ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളും കൃഷിയും ഒഴുകി പോയി. കാരശേരി തണ്ണിപ്പടിയിലും കക്കയം അങ്ങാടിക്ക് സമീപവും ബാലുശേരി മങ്കയത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. വയനാട് ചുരത്തിലെ ഒമ്പതാം വളവിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം സ്തംഭിച്ചു.
ലക്കിടി അറമലയിലുണ്ടായ മണ്ണിടിച്ചിലിൽ അറമല സ്വദേശി കെ.ടി.അസീസിനു പരിക്കേറ്റു. മണ്ണിടിഞ്ഞതിനെ തുടർന്ന് നിലംപൊത്തിയ വീട്ടിനുള്ളിൽ അസീസ്, ഭാര്യ ആയിഷ, മക്കളായ സവാഫ്, ശമീൽ എന്നിവർ കുടുങ്ങി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ പുറത്തെത്തിച്ചത്. കാലിനു പരിക്കേറ്റ അസീസിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്ടിപ്പാറയിൽ നിരവധി വീടുകൾ തകർന്നു. വീടുകളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ നാട്ടുകാരുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുകയാണ്. രണ്ടു വീടുകൾ പൂർണമായും മണ്ണിനടിയിലാണെന്ന് പ്രാഥമിക വിവരം.
കരിഞ്ചോലയിലെ ഉരുൾപൊട്ടലിൽ ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തെ രക്ഷപ്പെടുത്തി. പണി നടന്നു കൊണ്ടിരിക്കുന്ന വീടിനോട് ചേർന്ന് ഷെഡിൽ താമസിക്കുകയായിരുന്ന കരിഞ്ചോല സ്വദേശി പ്രസാദും കുടുംബവുമാണ് അപകടത്തിൽ ഒഴുക്കിൽപ്പെട്ടു. ഇവർ താമസിച്ചിരുന്ന താൽകാലിക ഷെഡും വളർത്തു മൃഗങ്ങളും ഒലിച്ചു പോയി. ഈങ്ങാപ്പുഴ, നെല്ലാപ്പളി, പുനൂർ എന്നിവിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. പുതുപ്പാടി പാറശേരി പ്രദേശം വെള്ളത്തിനടിയിലായി. വാഴ അടക്കമുള്ള കൃഷികൾ നശിച്ചു. ബാലുശേരി മങ്കയത്ത് ഉരുൾപൊട്ടലിൽ നിരവധി വീടുകൾ തകർന്നു.
കണ്ണൂർ കൊട്ടിയൂർ-പാൽച്ചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിന്‍റെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞ് വീണ് മാനന്തവാടി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. പുലർച്ചെയാണ് പ്രദേശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിൽ വീണ മണ്ണ് നീക്കം ചെയ്തതിനു ശേഷം മാത്രമെ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളു. മാക്കൂട്ടം പാതയിൽ ഗതാഗതം തടസപ്പെട്ടതിനാൽ കൊട്ടിയൂർ വഴിയാണ് വാഹനങ്ങൾ കർണാടകത്തിലേക്ക് പോയിരുന്നത്. നിലവിൽ വയനാട്ടിലേക്കുള്ള ഗതാഗതം നിടുംപൊയിൽ ചുരം വഴി തിരിച്ചുവിട്ടു.
കാരാപ്പുഴ അണക്കെട്ടിന്‍റെയും തൃശൂർ പെരിങ്ങൽകുത്ത് അണക്കെട്ടിന്‍റെയും ഷട്ടറുകൾ തുറന്നിട്ടുണ്ട്. കക്കയം അണക്കെട്ടിന്‍റെ ഷട്ടർ ഉടൻ തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്‍റെ സമീപ പ്രദേശങ്ങളിലും താമരശേരിയിലെ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ