ചൊവ്വാഴ്ച, ജൂൺ 19, 2018
എടിഎമ്മിനുള്ളില്‍ നുഴഞ്ഞ് കയറി ചുണ്ടെലികള്‍ കരണ്ടെടുത്തത് 12.38 ലക്ഷം രൂപയുടെ നോട്ടുകള്‍. അസമിലെ ടിന്‍സുകിയ ലൈപുലി മേഖലയിലാണ് വിചിത്രമായ സംഭവം നടന്നത്. എസ്ബിഐയുടെ എടിഎമ്മില്‍ നിന്നാണ് എലികള്‍ പന്ത്രണ്ട് ലക്ഷത്തിലധികം രൂപ നശിപ്പിച്ചത്.

ഒരു സ്വകാര്യ സെക്യൂരിറ്റി കമ്പനി മെയ് 19 ആണ് 29.48 ലക്ഷം രൂപ എടിഎമ്മില്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് മെയ് 20ന് എടിഎം പ്രവര്‍ത്തനരഹിതമായതിനാല്‍ അടച്ചിടുകയായിരുന്നു. പിന്നീട് ജൂണ്‍ 11 നാണ് കമ്പനി വീണ്ടും എടിഎം തുറന്നത്. അപ്പോഴാണ് 29.48 ലക്ഷം രൂപ നിക്ഷേപിച്ചതില്‍ 12,38 ലക്ഷം രൂപ എലി കരണ്ടു നശിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

ചുണ്ടെലികള്‍ കരണ്ട് നശിപ്പിച്ചിരിക്കുന്നതില്‍ അധികവും അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാണ്. 17 ലക്ഷത്തോളം രുപയുടെ നോട്ടുകള്‍ കേടുപാടൊന്നും പറ്റാതെ വീണ്ടെടുക്കാന്‍ സാധിച്ചെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് പ്രാദേശിക ചാനലിനെ അറിയിക്കുകയും ചെയ്തു.

അതേസമയം, നോട്ടുകള്‍ ചുണ്ടെലി കരണ്ടുനശിപ്പിച്ചെന്ന നിഗമനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരും കുറവല്ല. മേയ് 20നു കേടായ എ ടി എം നന്നാക്കാന്‍ ജൂണ്‍ 11 വരെ വൈകിയതെന്തു കൊണ്ടെന്നാണ് ഇവരുടെ ചോദ്യം.

ബംഗളുരൂവിലെ എ ടി എമ്മില്‍ നിന്നുള്ളതെന്ന കുറിപ്പോടെ കരണ്ടു നശിപ്പിക്കപ്പെട്ട നോട്ടുകളുടെ ചിത്രം കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ ടിന്‍സുകിയ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ