മോസ്‌കോ: സൂപ്പര്‍ മാരിയോയുടെ ചിറകില്‍ ക്രൊയേഷ്യ ചരിത്രം കുറിച്ചു. 2018 ഫുട്‌ബോള്‍ ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചു ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ഫൈനലില്‍ കടന്നു.
ഇന്നലെ മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അധികസമയത്ത് മരിയോ മാന്‍ഡ്‌സുകിച്ച് നേടിയ ഗോളാണ്‌ക്രൊയേഷ്യയുടെ വിജയഗോള്‍ നേടിയത്.
നേരത്തെ മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ കീറന്‍ ട്രിപ്പിയറിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെതിരേ 68-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് നേടിയ ഗോളാണ് ക്രൊയേഷ്യയ്‌ക്ക് സമനില സമ്മാനിച്ചത്.
നിശ്‌ചിത സമയത്ത് 1-1 എന്ന നിലയില്‍ പിരിഞ്ഞതോടെയാണ് കളി അധികസമയത്തേക്ക് നീണ്ട്. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലും സമനിലക്കുരുക്ക് അഴിക്കാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ മാന്‍ഡ്‌സുകിച്ച് കളിയുടെ വിധിനിര്‍ണയിച്ച ഗോള്‍ നേടുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു ഗോള്‍. ക്രൊയേഷ്യ നടത്തിയ ആക്രമണം തടഞ്ഞ ഇംഗ്ലീഷ് താരങ്ങള്‍ക്കു പക്ഷേ പന്ത് ക്ലിയര്‍ ചെയ്യാനായില്ല. ഇംഗ്ലണ്ട് പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടിയുയര്‍ന്ന പന്ത് ബോക്‌സിന്റെ ഇടതുവശത്ത് നിന്നു പെരിസിച്ച് ബോക്‌സിലേക്ക് ഹെഡ് ചെയ്‌തിട്ടത് ഓടിയെത്തിയ മാന്‍ഡ്‌സുകിച്ച് വലയിലേക്കു തിരിച്ചുവിടുകയായിരുന്നു.
ആ ഒരൊറ്റ ഗോളില്‍ ക്രൊയേഷ്യ ചരിത്രം കുറിച്ചു. ഇതിനു മുമ്പ് 1998 ഫ്രാന്‍സ് ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തിയതായിരുന്നു അവരുടെ ഏറ്റവും മികച്ച നേട്ടം. അന്ന് സെമിയില്‍ ഫ്രാന്‍സിനെതിരേ ആദ്യ ലീഡ് നേടിയ ശേഷം 2-1 എന്ന സ്‌കോറിലാണ് അവര്‍ തോല്‍വി സമ്മതിച്ചത്. ഇക്കുറി സെമിയില്‍ ആദ്യം ലീഡ് വഴങ്ങിയ ശേഷം 2-1 എന്ന സ്‌കോറില്‍ ജയിച്ച അവര്‍ കലാശപ്പോരാട്ടത്തില്‍ 15-ന് ഇതേ സ്‌റ്റേഡിയത്തില്‍ ഫ്രാന്‍സിനെ നേരിടും.
മത്സരത്തിന്റെ തുടക്കം ഇംഗ്ലീഷ് ആധിപത്യത്തോടെയായിരുന്നു. ആദ്യ മിനിറ്റു മുതല്‍ ആക്രമിച്ചു കയറിയ ഇംഗ്ലണ്ട് അഞ്ചാം മിനിറ്റില്‍ തന്നെ ലീഡ് നേടി. തകര്‍പ്പനൊരു ഫ്രീകിക്കിലൂടെ കീറന്‍ ട്രിപ്പിയറാണ് വലകുലുക്കിയത്.
ബോക്‌സിനു പുറത്ത് ജെസി ലിങ്കാര്‍ഡിനെ ക്ര?യേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് ഫൗള്‍ ചെയ്‌തതിനാണ് റഫറി ഫ്രീകിക്ക് അനുവദിച്ചത്. ബോക്‌സിന്റെ തൊട്ടുപുറത്ത് നിന്ന് ട്രിപ്പിയര്‍ എടുത്ത ഫ്രീ കിക്ക് ഗോള്‍കീപ്പറുട തലയ്‌ക്ക് മുകളിലൂടെ വലയിലെത്തുകയായിരുന്നു.
2006ല്‍ ഇക്വഡോറിനെതിരെ ഡേവിഡ് ബെക്കാം ഫ്രീ കിക്കിലൂടെ ഗോള്‍ നേടിയതിന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടുന്നത്.
ആദ്യപകുതിയില്‍ തുടര്‍ന്നും ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ട് മികച്ച് പ്രതിരോധത്തിലൂടെ ക്രൊയേഷ്യക്ക് തിരിച്ചുവരവും നിഷേധിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. ഇടവേളയ്‌ക്കു ശേഷം തന്ത്രം മാറ്റിയെത്തിയ ക്രോട്ടുകളാണ് കളം നിയന്ത്രിച്ചത്. രണ്ടാം പകുതി കിക്കോഫ് ചെയ്‌തതു മുതല്‍ സമനിലയ്‌ക്കായി ഇരമ്പിക്കയറിയ ക്രൊയേഷ്യ 68-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു.
സാഹസികമായൊരു ഷോട്ടിലൂടെ ഇവാന്‍ പെരിസിച്ചാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് വ്രസാല്‍ക്കോ ഉയര്‍ത്തി നല്‍കിയ പന്ത് ഇംഗ്ലീഷ് താരം വാള്‍ക്കറുടെ തലയ്‌ക്ക് മുകളിലേക്ക് കാലുയയര്‍ത്തി ചാടിയ പെരിസിച്ച് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡിനെ കബളിപ്പിച്ചു വലയിലാക്കുകയായിരുന്നു.
സമനില കണ്ടെത്തിയതോടെ ക്രൊയേഷ്യന്‍ താരങ്ങളുടെ നിറംമാറി. പിന്നീട് ഇംഗ്ലീഷ് ബോക്‌സിലേക്ക് ഇടതടവില്ലാതെ ആക്രമണം അഴിച്ചു വിട്ട അവര്‍ ഫുട്‌ബോളിന്റെ തറവാട്ടുവീട്ടുകാര്‍ക്ക് നിലയുറപ്പിക്കാന്‍ അവസരം നല്‍കിയില്ല.
നിശ്‌ചിതസമയം അവസാനിക്കും മുമ്പ് നാലോളം സുവര്‍ണാവസരങ്ങളാണ് ക്രോട്ടുകള്‍ തുറന്നെടുത്തത്. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്‌മയും ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡിന്റെ മിന്നുന്ന സേവുകളും അവര്‍ക്ക് ഗോള്‍ നിഷേധിച്ചു. തുടര്‍ന്നാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.
0 Comments