ഗൗരി ലങ്കേഷ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍; ഓഗസ്റ്റ് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; പിടിയിലായവരുടെ എണ്ണം പത്തായി

ഗൗരി ലങ്കേഷ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍; ഓഗസ്റ്റ് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; പിടിയിലായവരുടെ എണ്ണം പത്തായി

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണാടകയിലെ മടിക്കേരി സ്വദേശിയായ രാജേഷ് (50) എന്നയാളെയാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഓഗസ്റ്റ് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കേസില്‍ രണ്ടുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അമിത്, ഗണേഷ് എന്നിവരാണ് പിടിയിലായിരുന്നത്. ഹൂബ്ളിയില്‍നിന്ന് ഞായറാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വിവിധ സംസ്ഥാനങ്ങളില്‍ പടര്‍ന്നുകിടക്കുന്ന സംഘപരിവാര്‍ സംഘങ്ങളാണെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ 60 അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

ഗൗരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും തോക്കിന്റെ കാഞ്ചി വലിച്ചത് ആരെന്നുമാണ് ഇനി കണ്ടെത്താനുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സ്വന്തം വീടിനു മുന്നില്‍വച്ച് ഗൗരിക്ക് വെടിയേറ്റത്.

Post a Comment

0 Comments