ബുധനാഴ്‌ച, ഓഗസ്റ്റ് 01, 2018
തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയത്.

ഡാം തുറക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. ഘട്ടം ഘട്ടമായിട്ടായിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്നും മന്ത്രി വ്യക്തമാക്കി. അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ക്കുമായി മന്ത്രി മണിയെ യോഗം ചുമതലപ്പെടുത്തി.

അണക്കെട്ടിന്റെ പൂര്‍ണമായ സംഭരണശേഷിയില്‍ എത്തുന്നത് വരെ കാത്തിരിക്കുന്നതിനോട് മന്ത്രിസഭയില്‍ വിയോജിപ്പാണ് ഉണ്ടായത്. അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയരുന്നത് മറ്റ് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 2,395.88 അടിയാണ് ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 2,395 അടി ആയപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഡാം തുറക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളും അധികൃതര്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുകയാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്. കഴിഞ്ഞ തവണ 2,401 അടി ആയപ്പോഴാണ് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ ഇത്തവണ അത്രയും കാത്തിരിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ