ബുധനാഴ്‌ച, ഓഗസ്റ്റ് 01, 2018
ജിദ്ദ: മരണം വരെ നാടിൻറെ വികസനത്തിനും സംഘടനാ സംവിധാനത്തിന്റെ എല്ലാ തലങ്ങളേയും സ്പർശിച്ചു കൊണ്ട് കടന്ന്പോയ ആറ് പതിറ്റാണ്ടിന്റെ സമർപ്പിത സേവകനാണ് ചെർക്കളം അബ്ദുള്ള എന്ന അത്ഭുത പ്രതിഭയെന്ന് സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ പറഞ്ഞു.

അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ പേരിൽ കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റിയും കാസർകോഡ് ജില്ലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് സി.കെ.റസാഖ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

കേരള രാഷ്ട്രീയത്തിന്റെ കർമ്മഭൂമിയിൽ വെതിരക്തമായ വ്യക്തിത്വം കൊണ്ടും ആർജ്ജവത്തിന്റെ ആൾരൂപവുമായി അറിയപ്പെട്ട ചെർക്കളം അബ്ദുള്ള മന്ത്രിയായിരിക്കുമ്പോഴാണ് ഇന്ന് അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ച ചെയ്യപ്പെടുന്ന കേരളത്തിന്റെ കുടുംബശ്രീ പദ്ധതിക്ക് തുടക്കമിടുന്നതെന്നും, കൊച്ചി വ്യവസായ നാഴികയിലെ ഇന്നത്തെ വളർച്ചക്ക് നിതാനമായ വൈപ്പിൻ ദീപിനെ കരയുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലത്തിന് അടിത്തറ പാകിയത് അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ടൊന്നു മാത്രമാണെന്നും അനുശോചനത്തിൽ ഷിഫാ ജിദ്ദ മാനേജിങ് ഡയറക്ടർ ഫായിദ അബ്ദുറഹിമാൻ പറഞ്ഞു.

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ പടനിലത്തിൽ മതേതരത്വത്തിന്റെ പടചട്ടയണിഞ്ഞ പോരാളിയും  ആലംബഹീനർക്ക് താങ്ങും തണലും അശരണർക്ക്‌ അത്താണിയുമായിരുന്ന ചേർക്കുളമെന്ന നായകൻ മുസ്ലിം സമുദായത്തിന്റെ പൊതുയോജിപ്പിന്റെ പ്രായോഗിഗതക്കു വേണ്ടി അങ്ങേയറ്റം പ്രയത്നിക്കുകയും സംഗരഭാഷാ സംഗമഭൂമിയായ കാസർകോട്ട് മതസൗഹാർദ്ദത്തിന്റെയും സമാധാനത്തിൻെറയും കാവലാളുമായിരുന്നു എന്ന് ടി.എം.എ റഊഫ് അനുശോചിച്ചു

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ നട്ടെല്ലായ നേതാക്കളില്‍ ഒരാളെയാണ് നഷ്ടമായിരിക്കുന്നതെന്നും കാസര്‍കോട് ജില്ലയിലും സംസ്ഥാനത്തും മുസ്‌ലിം ലീഗിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നെന്നും സ്മരിക്കപ്പെടുമെന്നും, അണികളുടെ വികാരത്തിന്റെ കടുപ്പം മനസ്സിലാക്കി സന്ദർഭോചിതമായി വിഷയങ്ങൾ തീരുമാനിക്കുകയും ഇടപെടൽ നടത്തുകയും ചെയ്തിരുന്ന, കാര്യനിർവഹണവും ഭാവനയും ആത്മശേഷിയുമുള്ള ഒരു നേതാവിനെയാണ് അബ്ദുള്ള സാഹിബിലൂടെ നഷ്ടമായിരിക്കുന്നതെന്നും കർമ്മ മേഖലയിൽ അദ്ദേഹം വെട്ടിത്തെളിയിച്ച പാതകളും അദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുള്ള മഹാവൃക്ഷങ്ങളും പാർട്ടിക്ക് തണലേകട്ടെ എന്നും യോഗത്തിൽ സംസാരിച്ച മറ്റ് നേതാക്കൾ അനുശോചിച്ചു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രെട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു.

നേതാക്കളായ ഹസ്സൻ ബത്തേരി, വി.പി.മുസ്തഫ, നാസർ വെളിയങ്കോട്, സയ്യിദ് ഉബൈദുള്ള തങ്ങൾ, ടി.സി.മൊയ്തീൻകോയ, ഗഫൂർ പട്ടിക്കാട്, ഉമ്മർ അരിപ്പാമ്പ്ര, അസീസ് കൊട്ടോപാടം, അബ്ദുള്ള ഹിറ്റാച്ചി, ബഷീർ ചിത്താരി,  ഖാദർ ചെർക്കള, കെ.എം.ഇർഷാദ് എന്നിവർ സംസാരിച്ചു. ആലമ്പാടി അബൂബക്കർ ദാരിമി പ്രാർത്ഥന നടത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ