ബുധനാഴ്‌ച, ഓഗസ്റ്റ് 08, 2018
എരുമപ്പെട്ടി: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ സി.ബി.ഐ. കോടതി വിധിക്കെതിരേ വാട്‌സ്ആപ്പില്‍ ആത്മരോഷമുയര്‍ത്തി പോലീസുകാര്‍. സബ് ഇന്‍സ്‌പെക്ടര്‍മാരുടെ ''കെ.ഇ.പി.എ. 26'' എന്ന കൂട്ടായ്മയിലാണു
പ്രതിഷേധം ആളിക്കത്തുന്നത്. സന്ദേശത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ:

പ്രതികളെ പിടിക്കുന്നത് പോലീസുകാരുടെ വീട്ടില്‍ക്കയറി ജീവനും മുതലിനും ആപത്തോ നഷ്ടമോ വരുത്തിയതിനല്ല. സത്യം പറയിക്കുന്നതിനായി ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും പിടിക്കപ്പെടുന്നവര്‍ മരിക്കുന്നതും പോലീസുകാര്‍ക്കു വേണ്ടിയല്ല. തൂക്കുകയര്‍ യഥാര്‍ഥത്തില്‍ പോലീസ് സേനയുടെ ആത്മവീര്യത്തിന്റെ കഴുത്തിലാണ് വീണിരിക്കുന്നത്.

ഒരു പോലീസുകാരനും ഇനിമേല്‍ ഒരു അക്രമിയെയും മോഷ്ടാവിനെയും നരാധമനെയും ഒന്നും ചെയ്യില്ല. അവര്‍ക്കു വേണ്ടത് പോലീസിന്റെ സൗമ്യഭാവം മാത്രമാണ്. അവര്‍ക്കു ഭയം കോടതിയും ജഡ്ജിയും വിധിയുമല്ല. പോലീസുകാരുടെ ദണ്ഡനനീതി മാത്രമാണ്. അത് ഈ കോടതിവിധിയോടെ ഉറപ്പായിരിക്കുന്നു.

ആശുപത്രികളില്‍ രോഗികളുടെ മരണത്തിനു കാരണമായി അനാസ്ഥകാട്ടുന്ന ഡോക്ടര്‍മാര്‍, പൊട്ടിവീഴുന്ന െവെദുതിക്കമ്പിയില്‍ തട്ടിയുള്ള മരണത്തിന് ഉത്തരവാദികളായവര്‍, റോഡിലെ കുഴികള്‍ യഥാസമയം അടയ്ക്കാതെ അപകടമുണ്ടാക്കി ആളെ കൊല്ലുന്ന പി.ഡബ്ല്യു.ഡി. ജീവനക്കാര്‍, കോടിക്കണക്കിനുരൂപ ബാങ്കുകളിലെ ജീവനക്കാരുടെ സഹായത്തോടെ തട്ടിയെടുത്തവര്‍, കക്ഷികളെ വഞ്ചിച്ചു ജീവിക്കുന്ന വക്കീലന്മാര്‍, വിദ്യാര്‍ഥികളെ പീഡിപ്പിച്ച് ആത്മഹത്യയിലേക്കു നയിക്കുന്ന അധ്യാപകര്‍, ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ വ്യാജ വര്‍ത്തകളെഴുതുന്ന പത്രക്കാര്‍... ഇവരെയൊക്കെ ആദ്യം തൂക്കിക്കൊന്നിട്ടു പോരേ പോലീസുകാരെ തൂക്കി കൊല്ലാനെന്നും ഇവര്‍ ചോദിക്കുന്നു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ