തിങ്കളാഴ്‌ച, സെപ്റ്റംബർ 10, 2018
കൊച്ചി: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷൻ കേരളത്തിലെ പ്രളയ ബാധിതരെ പുനരധിവസിപ്പിക്കാൻ 500  വീടുകൾ നിർമിച്ചുനൽകും. വിവിധ പ്രളയബാധിത പ്രദേശങ്ങൾ  സന്ദർശിച്ചശേഷം ഫൗണ്ടേഷൻ ചെയർമാൻ നരേഷ് അഗർവാൾ, ട്രസ്റ്റി വിജയകുമാർ രാജു എന്നിവർ വാർത്താസമ്മേളനത്തിലാണ‌് ഇക്കാര്യം അറിയിച്ചത‌്.  തകർന്നുപോയ സ്കൂൾ കെട്ടിടങ്ങൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവയും നിർമിക്കും.  സംസ്ഥാന സർക്കാരുമായി  ആലോചിച്ച് സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും നിർമാണം. കേരളത്തിലെ 645 ലയൺസ് ക്ലബ്ബുകൾ ഇതിനകം 10 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി. ഇത്രയും തുകയുടെ സാധന സാമഗ്രികൾ  കേരളത്തിനു പുറത്തുള്ള ലയൺസ് ക്ലബ്ബുകളിൽനിന്നു ലഭിച്ചത്  നേരിട്ട് നൽകി.  ചാലക്കുടി ലയൺസ് ക്ലബ് പ്രസിഡന്റ് ജെയിൻ ചിറ്റിലപ്പിള്ളി സംഭാവനയായി നൽകുന്ന 20 സെന്റ് സ്ഥലത്ത് ഫൗണ്ടേഷൻ മൂന്ന് നില ഫ്ളാറ്റ് നിർമിച്ച് 20 കുടുംബങ്ങളെ പുനരധിവസിപ്പിക്കും.  വാർത്താസമ്മേളനത്തിൽ മുൻ ഇന്റർനാഷണൽ ഡയറക്ടർമാരായ ആർ മുരുകൻ, കെ ജി രാമകൃഷ്ണമൂർത്തി, മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ കെ സുരേഷ്, വി പി നന്ദകുമാർ, ഡിസ്ട്രിക്റ്റ് ഗവർണർമാരായ എ വി വാമനകുമാർ, കെ എ തോമസ്, ഇ ഡി ദീപക്, ഗണേശൻ കണിയാറക്കൽ, മുൻ ഗവർണർമാരായ ജോൺ കാച്ചപ്പിള്ളി, എം ശിവാനന്ദൻ, വി അമർനാഥ്, സി ജി ശ്രീകുമാർ,  രാജൻ എൻ നമ്പൂതിരി എന്നിവർ  പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ