ഞായറാഴ്‌ച, സെപ്റ്റംബർ 23, 2018
കൊച്ചി: ഇന്ധനവില ദിനം പ്രതി കൂടിവരുകയാണ്, ഈ സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കകം നിരത്തൊഴിഞ്ഞത് 200 ഓളം സ്വകാര്യബസ്സുകള്‍. കണക്കുകള്‍ പ്രകാരം ദിനംപ്രതി മൂന്നു ബസ്സുകളാണ് സര്‍വീസ് നിര്‍ത്തുന്നത്. ഈ മാസം 30ന് ശേഷം 2000 ഓളം ബസ്സുകള്‍ സര്‍വീസ് നിര്‍ത്താനാണ് ആലോചിക്കുന്നതെന്ന് ബസ്സുടമകളുടെ സംഘടനകള്‍ പറയുന്നു. ഈ തീരുമാനം ബസ്സുകളെ ആശ്രയിക്കുന്ന സാധാരണക്കാരെയും വിദ്യാര്‍ത്ഥികളെയും വലയ്ക്കും.

ഒരു വര്‍ഷം ശരാശരി എട്ടുലക്ഷം വാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ അതില്‍ ബസ്സുകള്‍ രണ്ട് ശതമാനത്തില്‍ താഴെയാണ് നിരത്തിലിറങ്ങുന്നത്. 10 വര്‍ഷത്തിനിടെ 9000 സ്വകാര്യ ബസ്സുകളും 900 കെഎസ്ആര്‍ടിസി ഷെഡ്യൂളുകളും സര്‍വീസ് നിര്‍ത്തി. ചാര്‍ജ് വര്‍ധന നടപ്പാക്കിയ മാര്‍ച്ചിന് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ 10 മുതല്‍ 20 ശതമാനം വരെ കുറവുണ്ടായതായും സംഘടന ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

1980ല്‍ 35,000 ബസ്സുകള്‍ ഉണ്ടായിരുന്നത് 2011ല്‍ 17,600 ആയും, 2017ല്‍ 14,800 ഉം ആയി കുറഞ്ഞു. ഇന്ധന ചെലവില്‍ മാത്രം പ്രതിദിനം 2000 രൂപയുടെ അധിക ബാധ്യത ഉണ്ടാകുന്നതായും ബസ്സുടമകള്‍ പറയുന്നു. 2015 ഫെബ്രുവരിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 48 രൂപയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അത് 80 രൂപയിലേക്കെത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ