ഞായറാഴ്‌ച, സെപ്റ്റംബർ 23, 2018
ന്യൂദല്‍ഹി: ഏറെ കൊട്ടിഘോഷിച്ച മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കെയര്‍ സ്‌കീം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുമ്പോഴും, കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍ പദ്ധതിയെ നിരാകരിക്കുന്നു. പ്രധാനമന്ത്രി മുന്നോട്ടു വയ്ക്കുന്നവയെക്കാള്‍ മികച്ച സൗകര്യങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ടെന്നു കാണിച്ചാണ് സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമാകാന്‍ വിസമ്മതിച്ചിരിക്കുന്നത്.

കേരളത്തിനു പുറമെ തെലങ്കാന, ഒഡീഷ, ദല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് തങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതുവരെ പദ്ധതി നടപ്പില്‍ വരുത്തില്ല എന്നു തീരുമാനിച്ചിരിക്കുന്നത്. ധനകാര്യമന്ത്രി തോമസ് ഐസക് പദ്ധതിയെ സംബന്ധിച്ച് ഗുരുതര സംശയങ്ങളുയര്‍ത്തി നേരത്തേ രംഗത്തെത്തിയിരുന്നു.


പദ്ധതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്ത മന്ത്രി, ഇതൊരു തട്ടിപ്പാണെന്നും പ്രസ്താവിച്ചിരുന്നു. മുപ്പതിനായിരം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ആര്‍.എസ്.ബി.വൈ സ്‌കീമിന്റെ സബ്‌സിഡി സീലിങ് 1,250 രൂപയാണെന്നിരിക്കേ, അഞ്ചു ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്ന ആയുഷ്മാന്‍ സ്‌കീമിന്റെ സബ്‌സിഡി 1,110 രൂപയാകാന്‍ എങ്ങനെ സാധിക്കുമെന്ന ചോദ്യം അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ചിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ