രാജപുരം: ബസ്സിൽനിന്ന് ലഭിച്ച ഏഴുലക്ഷത്തോളം രൂപയും പ്രധാനപ്പെട്ട രേഖകളും ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് അഭിനന്ദനപ്രവാഹം. കാഞ്ഞങ്ങാട് സബ് ഡിപ്പോയിലെ കണ്ടക്ടറായ പാണത്തൂർ ചിറങ്കടവിലെ സുനിൽ അബ്രഹാമിനെയും ഡ്രൈവർ കോളിച്ചാൽ ചെറുപനത്തടിയിലെ രാധാകൃഷ്ണനെയുമാണ് നാട്ടുകാരും സഹപ്രവർത്തകരുമടക്കം ഫോണിലൂടെയും നേരിട്ടും അഭിനന്ദിച്ചത്.
പാണത്തൂരിൽ ചിറങ്കടവ് യുവശക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന അനുമോദന യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മോഹൻകുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.തമ്പാൻ, പഞ്ചായത്തംഗങ്ങളായ വി.ആർ.ബിജു, വി.കെ.ഓമന, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജോണി തോലംപുഴ, പ്രതാപചന്ദ്രൻ, എ.കെ.ശശി, സി.എൽ.ഷാജി, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
ചെറുപനത്തടി വിജയകലാ സമിതിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന യോഗം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആർ.സി.രജനീദേവി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.എം.രാഘവൻ അധ്യക്ഷതവഹിച്ചു. ഗിരീഷ് ചെറുപനത്തടി, എൻ.വിൻസന്റ്, സരിഗ രാജേന്ദ്രൻ, ശ്രീകുമാർ, രാജേഷ് ബസ് ജീവനക്കാരായ സുനിൽ അബ്രാഹം, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട്-പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ്സിൽ യാത്രക്കാരൻ മറന്നുവെച്ച പണവും രേഖകളുമടങ്ങുന്ന ബാഗ് ജീവനക്കാർ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ചത് മാതൃഭൂമി ഞായറാഴ്ച വാർത്ത നൽകിയിരുന്നു. എറണാകുളം പള്ളുരുത്തി സ്വദേശി സിജു ജോസഫിന്റെതായിരുന്നു പണവും രേഖകളും. പത്തനംതിട്ടയിൽനിന്ന് കാഞ്ഞങ്ങാട്ടെത്തിയ ബസ്സിൽനിന്ന് വെള്ളിയാഴ്ച രാവിലെയാണ് ജീവനക്കാർക്ക് പണവും രേഖകളും ലഭിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ