കണ്ണൂർ: സാലറി ചലഞ്ചിൽ വിസമ്മതപത്രം നൽകിയവരെ ലക്ഷ്യമിട്ട് സ്ഥലംമാറ്റുന്നതിന് പണിഷ്മെൻറ് ലാവണങ്ങൾ രഹസ്യമായി ഒഴിച്ചിടുന്നു. ചലഞ്ചിനെതിരെ പരസ്യ പ്രചാരണം നടത്തിയ സർവിസ് സംഘടനാപ്രവർത്തകരെ നോട്ടമിട്ടാണ് നീക്കം. പി.എസ്.സി അൈഡ്വസ് മെമ്മോ അയച്ച തസ്തികകളിൽപോലും സ്ഥലംമാറ്റ നിയമനശേഷം പുതിയ നിയമന ഉത്തരവ് നൽകാനാണ് വകുപ്പുതലവന്മാർക്ക് വാക്കാൽ കിട്ടിയ നിർദേശം.
വിദ്യാഭ്യാസവകുപ്പിലും മറ്റും ഒരുമാസം മുമ്പ് പി.എസ്.സി നൽകിയ അൈഡ്വസ് മെമ്മോ അനുസരിച്ച് ഉത്തരകേരളത്തിൽ പലയിടത്തും നിയമനം നടന്നിട്ടില്ല. സ്ഥലംമാറ്റ പട്ടിക വരാത്തതിനാൽ നിയമനപട്ടിക തയാറാക്കിയിട്ടില്ല എന്നാണ് ഉദ്യോഗാർഥികൾക്ക് ലഭിക്കുന്ന ഉത്തരം. പണിഷ്മെൻറ് സ്ഥലംമാറ്റത്തിനായി മലയോര മേഖലയിലും മറ്റും ഒഴിവുകൾ മാറ്റിവെച്ച് അൈഡ്വസ് മെമ്മോയിലെ നിയമനപട്ടിക തയാറാക്കുന്ന തിടുക്കത്തിലാണ് അധികൃതർ.
പ്രതികാരനടപടി ഉണ്ടാവില്ല എന്നാണ് വാഗ്ദാനമെങ്കിലും ചില വകുപ്പുമേധാവികൾ തരംതിരിച്ച് പെരുമാറുകയാണെന്നാണ് ആക്ഷേപം. ഷൊർണൂർ ഗവ. പ്രസിൽ സാലറി ചലഞ്ച് വിസമ്മതിച്ചവരുടെ പട്ടിക നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിരുന്നു. വിസമ്മതപത്രം നൽകിയവർക്ക് അക്കാര്യം ഉറപ്പുവരുത്താനാണ് നടപടിയെന്ന് വിശദീകരിച്ചെങ്കിലും ജീവനക്കാർ പ്രതിഷേധിച്ചതോടെ നീക്കി.
കണ്ണൂർ സിവിൽ സ്റ്റേഷനിൽ ചില ഒാഫിസുകളിൽ ഒരുവിഭാഗം ജീവനക്കാർ എസ്റ്റാബ്ലിഷ്മെൻറ് ക്ലർക്കുമാരോട് സാലറി ചലഞ്ചിന് വിസമ്മതം പ്രകടിപ്പിച്ചവരുടെ ലിസ്റ്റ് ചോദിച്ചത് ബുധനാഴ്ച വിവാദമായി. വകുപ്പുമേധാവിയുടെ അനുവാദമില്ലാതെ ലിസ്റ്റ് തരാനാവില്ലെന്ന് പറഞ്ഞ ക്ലർക്കിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. പ്രതിപക്ഷ സംഘടനാപ്രവർത്തകർ ഇതറിഞ്ഞ് സംഘടിച്ചുവന്നത് സംഘർഷത്തിനിടയാക്കി.
0 Comments